കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനിശ്ചിതത്വം തുടരുന്നു. കേരള കോണ്‍ഗ്രസിലെ തര്‍ക്കം പരിഹരിക്കാന്‍ സാധിക്കാതെ വന്നതോടെ യു.ഡി.എഫ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഇതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റി. ജോസ് വിഭാഗവും ജോസഫ് വിഭാഗവും നിലപാടില്‍ ഉറച്ച് നിന്നതോടെ യു.ഡി.എഫ് കടുത്ത പ്രതിസന്ധിയിലാണ്.
ഇരു വിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പിന്‍വലിക്കാന്‍ തയ്യാറാകാതെ വന്നതോടെയാണ് വിട്ട് നില്‍ക്കാനുള്ള തീരുമാനം യു.ഡി.എഫ് എടുത്തത്. യു.ഡി.എഫ് അംഗങ്ങള്‍ ഹാജരാകാതെ വന്നതോടെ തെരഞ്ഞെടുപ്പ് നാളത്തേക്ക് മാറ്റിവെച്ചതായി വരണാധികാരി പ്രഖ്യാപിച്ചു. ഔദ്യോഗിക പക്ഷം തങ്ങളാണെന്ന നിലപാടിലാണ് ജോസ് പക്ഷവും ജോസഫ് പക്ഷവും ഉള്ളത്.
അവസാന നിമിഷം വരെ ഇതിനായുള്ള ശ്രമം കോണ്‍ഗ്രസ് നടത്തിയെങ്കിലും വഴങ്ങാന്‍ ഇരു വിഭാഗവും തയ്യാറായില്ല. ഇതോടെയാണ് ഇന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്. ഇരു വിഭാഗവും സ്ഥാനാര്‍ഥിയെ പിന്‍വലിച്ചില്ലെങ്കില്‍ യു.ഡി.എഫിന് തലവേദനയാകും. ഈ അവസരം മുതലെടുക്കാനുള്ള ശ്രമങ്ങള്‍ എല്‍.ഡി.എഫും നടത്തുന്നുണ്ട്.
കോട്ടയം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് സെബാസ്റ്റ്യന്‍ കുളത്തിങ്കലാണ് യു.ഡി.എഫിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന് ജോസ് കെ മാണി പറഞ്ഞു.യു.ഡി.എഫ് വോട്ട് ചെയ്യുന്നത് തങ്ങളുടെ സ്ഥാനാര്‍ഥിക്കാണ്. കോണ്‍ഗ്രസ് വിളിച്ച് ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നും ജോസ് കെ.മാണിയും മോന്‍സ് ജോസഫും അറിയിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിന്റ് തെരഞ്ഞെടുപ്പില്‍ കേരള കോൺഗ്രസിന് പുറത്ത് ഒരു സ്ഥാനാർഥിക്ക് സാധ്യതയില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ വ്യക്തമാക്കി. അജിത്ത് മുതിരമലയാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ പങ്കെടുക്കും. നാളത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു.