കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്.
കോട്ടയത്ത് കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍. കോളജ് പ്രിന്‍സിപ്പലിനെതിരെ നടപടി എടുക്കാതെ അഞ്ജു ഷാജിയുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നാണ് കുടുംബം പറയുന്നത്.
കോളജ് പുറത്തുവിട്ട തെളിവുകള്‍ അഞ്ജുവിന്റെ ബന്ധുക്കള്‍ നിഷേധിച്ചു. ഹാള്‍ ടിക്കറ്റില്‍ എഴുതിയത് കുട്ടിയല്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും പിതാവ് ഷാജി ആരോപിച്ചു. അഞ്ജു കോപ്പിയടിച്ചെന്ന് തെളിയിക്കാന്‍ ഹാള്‍ ടിക്കറ്റിന് പിന്നിലെ എഴുത്തും മാനസിക പീഡനം നടന്നിട്ടില്ലെന്ന് തെളിയിക്കാന്‍ സിസിടിവി ദൃശ്യങ്ങളുമാണ് കോളജ് അധികൃതര്‍ പുറത്ത് വിട്ടത്. എന്നാല്‍ ഇത് ശരിയല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഹാള്‍ടിക്കറ്റിന് പിന്നിലെ എഴുത്തിന്‍റെ കൈപ്പട അഞ്ജുവിന്‍റേതല്ല. സിസിടിവി ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്താണ് കാണിച്ചത്. അരമണിക്കൂറോളം അച്ചന്‍ അഞ്ജുവിനെ വഴക്ക് പറഞ്ഞിട്ടുണ്ടെന്നും ഇക്കാര്യം പരീക്ഷാ ഹാളില്‍ സമീപത്തിരുന്ന കുട്ടി തന്നെ വെളിപ്പെടുത്തിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്. കോളജ് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കളുടെ നിലപാട്. മൃതദേഹം ആംബുലന്‍സില്‍ നിന്നും ഇറക്കാന്‍ സമ്മതിച്ചില്ല.