കോഴിക്കോട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭം ശക്തമാക്കുന്നു. നിര്‍മാണത്തില്‍ അഴിമതി ഉണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ബീമുകള്‍ തകര്‍ന്ന സാഹചര്യം പരിശോധിക്കാന്‍ പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം പാലത്തില്‍ പരിശോധന നടത്തും. പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് പരിശോധന.
പാലത്തിന്റെ ബീമുകളെ താങ്ങി നിര്‍ത്തുന്ന ഹൈഡ്രോളിക് ജാക്കിക്കുണ്ടായ സാങ്കേതിക തകരാര്‍ ആണ് അപകടത്തിന് കാരണമെന്നാണ് കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിശദീകരണം. എന്നാല്‍ നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. യുഡിഎഫ് പ്രവര്‍ത്തകര്‍ പാലത്തിലേക്ക് മാര്‍ച്ച് നടത്തി. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. ഊരാളുങ്കലിനെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാണ് ആവശ്യം.
കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൂളിമാട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും മാര്‍ച്ച് നടത്തി. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ കോലം കത്തിക്കുകയും ചെയ്തു. സംഭവത്തില്‍ യൂത്ത് ലീഗും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
ചാലിയാറിന് കുറുകെ കൂളിമാട് കടവില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീമുകളാണ് ഇന്നലെ തകര്‍ന്ന് വീണത്. രാവിലെ ഒന്‍പത്മണിയോടെ പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്ന് വീഴുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് ശക്തമായ മഴ പെയ്തിരുന്നു. താല്‍ക്കാലികമായി സ്ഥാപിക്കുന്ന ഹൈഡ്രോളിക് ജാക്കിയുടെ സാങ്കേതിക പ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
2019 മാര്‍ച്ചിലായിരുന്നു പാലത്തിന്റെ നിര്‍മാണപ്രവൃത്തി തുടങ്ങിയിരുന്നത്. പ്രവൃത്തി പുരോഗമിക്കവേ പുഴയിലെ ശക്തമായ ഒഴുക്കില്‍ ഐലന്‍ഡ് ഒലിച്ചുപോയതോടെ നിര്‍മാണപ്രവൃത്തി നേരത്തെ നിര്‍ത്തിവെച്ചിരുന്നു. അതേ സമയം തകര്‍ന്നുപോയ മൂന്ന് ബീമുകളും നീക്കം ചെയ്ത് ഒരു മാസത്തിനുള്ളില്‍ പകരം പുതിയ ബീമുകള്‍ നിര്‍മ്മിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റ് പ്രവൃത്തികള്‍ തടസ്സമില്ലാതെ മുന്നോട്ട് പോകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.