Kerala

കൂളിമാട് പാലം അപകടം; ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്

കൂളിമാട് പാലം അപകടത്തില്‍ ഊരാളുങ്കര്‍ ലേബര്‍ സൊസൈറ്റിക്ക് താക്കീത്. അപകട കാരണം ഹൈഡ്രോളിക് ജാക്കിയുടെ തകരാറാണെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ക്കെതിരെയും അസി.എന്‍ജിനീയര്‍ക്കെതിരെയും നടപടിക്ക് നിര്‍ദേശമുണ്ട്.

പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി റിയാസ് നിര്‍ദ്ദേശം നല്‍കിയത്.

നിര്‍മാണ ചുമതലയുണ്ടായിരുന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിക്ക് കര്‍ശന താക്കീത് നല്‍കിയിട്ടുണ്ട്. മേലില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആവശ്യമായ സുരക്ഷ ഉറപ്പാക്കിയ ശേഷമേ നിര്‍മാണങ്ങള്‍ നടത്താവൂ എന്നും ഊരാളുങ്കലിനോട് നിര്‍ദേശിച്ചു. പാലം തകര്‍ച്ചയുമായി ബന്ധപ്പെട്ട് പിഡബ്ല്യുഡി വിജിലന്‍സ് ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് മന്ത്രി തിരിച്ചയച്ചിരുന്നു.

വിജിലന്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മടക്കിയത് കുറച്ചുകൂടി വ്യക്തത ആവശ്യമുള്ളത് കൊണ്ടാണെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ മെയ് 16 നായിരുന്ന കൂളിമാട് പാലത്തിന്റെ മൂന്ന് ബീമുകള്‍ നിര്‍മാണത്തിനിടെ തകര്‍ന്നത്. അപകടം നടക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയിലുണ്ടായിരുന്നവര്‍ ഉള്‍പ്പെടെ എന്‍ജിനീയേഴ്‌സ് അസോസിയേഷന്റെ കലാകായിക മേളയില്‍ പങ്കെടുക്കുകയായിരുന്നുവെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു.