India Kerala

കൂടത്തായി: സമാന്തര ‘കേസന്വേഷണം’ നിര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്

കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് പൊലീസിന്റെ മുന്നറിയിപ്പ്. പൊലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഫോണില്‍ വിളിച്ച് ഒരു ചാനല്‍ (മീഡിയവണ്‍ അല്ല) നാട്ടുകാരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് കോഴിക്കോട് റൂറല്‍ എസ്.പി കെ.ജി സൈമണ്‍ മുന്നറിയിപ്പുമായി രംഗത്തുവന്നിരിക്കുന്നത്.

കൂടത്തായി ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ സമഗ്രമായ പൊലീസ് അന്വേഷണം നടന്നു കൊണ്ടിരിക്കുന്ന സമയത്ത് കേസന്വേഷണത്തെ ബാധിക്കുന്ന രീതിയിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ആണെന്ന വ്യാജേന ചിലര്‍ കേസുമായി ബന്ധപ്പെട്ടവരെയും മറ്റും ഇന്റർവ്യൂ ചെയ്യുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നുവെന്ന പരാതി പല സ്ഥലങ്ങളിൽ നിന്നും പൊലീസിന് ലഭിക്കുന്നുണ്ടെന്ന് മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ എസ്.പി പറയുന്നു.

ഇത്തരം ഇടപെടല്‍ കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്. അത് നിയമവിരുദ്ധവുമാണ്. അതിനാല്‍ ഇതില്‍ നിന്നും പിന്മാറണമെന്നും അല്ലാത്തപക്ഷം ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഇത്തരം നിയമവിരുദ്ധ ഇടപെടലുകള്‍ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും പെട്ടെന്ന് തന്നെ പൊലീസിനെ അറിയിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.