കൂടത്തായ് കൊലപാതക പരമ്പര കേസിൽ ടോം തോമസിന്റെ അടുത്ത ബന്ധുക്കളെ വീണ്ടും ചോദ്യം ചെയ്യും. ജോളി നടത്തിയ കൊലപാതക വിവരം ഇവരില്‍ ചിലര്‍ അറിഞ്ഞിട്ടും മറച്ചുവെച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കല്ലറ തുറന്ന് പരിശോധിക്കുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനുമായി ജോളി കൂടിക്കാഴ്ച നടത്തിയതായി അന്വേഷണ സംഘം ആദ്യം തന്നെ കണ്ടെത്തിയിരുന്നു. കൊല്ലപ്പെട്ട ടോം തോമസിന്റെ ബന്ധുക്കളായ ജോസഫ് ഹിലാരിയസ്, ബോസ്കോ ഹിലാരിയസ് എന്നിവര്‍ ഈ സമയം ജോളിക്ക് ഒപ്പമുണ്ടായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം.
ആറ് പേരെയും കൊലപ്പെടുത്തിയ വിവരം അടുത്ത ബന്ധുക്കളോട് ജോളി അറസ്റ്റിന് മുമ്പേ തന്നെ വെളിപ്പെടുത്തിയിരുന്നു. എന്നിട്ടും ടോം തോമസിന്റെ അടുത്ത ബന്ധുക്കളുടെ ഭാഗത്ത് നിന്ന് കാര്യമായി സഹായം എങ്ങനെ ജോളിക്ക് ലഭിച്ചുവെന്നതാണ് പൊലീസ് പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകളടക്കം അന്വേഷണ പരിധിയിലുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുവരെയും വീണ്ടും ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.