കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കട്ടപ്പനയിലെ ജ്യോത്സ്യന്‍ കൃഷ്ണകുമാര്‍ തിരിച്ചെത്തി. ഇയാള്‍ ഒളിവിലാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ജോളിയെയും, റോയിയെയും അറിയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.
താന്‍ കൊടുത്ത ഏലസിനുള്ളിലെ പൊടി കുടിക്കാന്‍ പറയാറില്ല, ക്രൈംബ്രാഞ്ച് എന്ന് പറഞ്ഞു രണ്ട് തവണ വിളിച്ചിരുന്നു, എന്നാൽ എന്താണ് കാര്യം എന്ന് പറഞ്ഞില്ല, അന്വേഷണ സംഘത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ജോളിയുമായി ഒരു തരത്തിലുള്ള പരിചയുവുമില്ല. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ വന്ന് പോയവരുടെ പേരുകള്‍ സൂക്ഷിക്കാറില്ല. തകിട് പൂജിച്ച് കൊടുക്കാറുണ്ട്. ഏലസിന് അകത്ത് ഭസ്മമാണുള്ളത്. അതാര്‍ക്കും കഴിക്കാന്‍ കൊടുക്കാറില്ല. ഏതോ കേസിന്റെ കാര്യം സംസാരിക്കാന്‍ എന്ന് പറഞ്ഞ് ക്രൈംബ്രാഞ്ചില്‍ നിന്ന് വിളിച്ചിരുന്നു.അത് ഒരു മാസത്തോളമായി. കേസിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുമില്ല. ഇങ്ങോട്ടേക്ക് വരുമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് ഗൗരവമായി എടുത്തിരുന്നില്ലെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
ജോളിയുടെ ഭർത്താവ് റോയ് തോമസ് മരിക്കുമ്പോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന ഏലസാണ് കട്ടപ്പനയിലെ ജ്യോത്സ്യനായ കൃഷ്ണകുമാറിലേക്ക് അന്വേഷണം എത്താന്‍ കാരണം. മരണസമയം റോയ് ധരിച്ച പാന്റിന്റെ കീശയില്‍ നിന്ന് ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയും ലഭിച്ചിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു.