India Kerala

ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം

കൂടത്തായി കൊലപാതകക്കേസില്‍ ജോളിയുടെ അടുത്ത ലക്ഷ്യം ഷാജുവായിരുന്നുവെന്ന് അന്വേഷണ സംഘം. കോടതിയില്‍ സമര്‍പ്പിച്ച സിലി കൊലപാതക കേസിലെ കുറ്റപത്രത്തിലാണ് പരാമര്‍ശം. ഷാജു – സിലി ദമ്പതികളുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതകകേസിലെ കുറ്റപത്രം ഈ മാസം തന്നെ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് റൂറല്‍ എസ് പി.കെ.ജി സൈമണ്‍ ഐ.പി.എസ് പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയിലെ 6 കൊലപാതകങ്ങള്‍ക്ക് ശേഷം ജോളി ലക്ഷ്യമിട്ടിരുന്നത് തന്റെ രണ്ടാം ഭര്‍ത്താവായ ഷാജുവിനെയാണെന്ന് അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തല്‍. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ കൊലപാതക കേസിന്റെ കുറ്റപത്രത്തിലാണ് അന്വേഷണ സംഘം ഇക്കാര്യം വ്യക്തമാക്കിയത്. സര്‍വീസിലിരിക്കുമ്പോള്‍ മരണപ്പെട്ടാലുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍, ആശ്രിത നിയമനം തുടങ്ങിയവ മുന്നില്‍ കണ്ടായിരുന്നു ജോളിയുടെ ഈ നീക്കമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

കൂടത്തായി കൊലപാതക പരമ്പരയിലെ രണ്ടാം കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മൂന്നാമത്തെ കേസായ സിലിയുടെ മകള്‍ ആല്‍ഫൈന്റെ കൊലപാതക കേസിലെ കുറ്റപത്രം കൂടി തയ്യാറാവുന്നു. ഈ മാസം തന്നെ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം.

ആല്‍ഫൈന്‍ വധക്കേസിലെ കുറ്റപത്രത്തിന് പിന്നാലെ മാത്യുവിന്റെയും അന്നമ്മയുടെയും ടോം തോമസിന്‍റെയും വധക്കേസിലെ കുറ്റപത്രങ്ങള്‍ കൂടി അടുത്ത മാസാവസാനത്തോടെ കോടതിയില്‍ സമര്‍പ്പിക്കും. കുറ്റമറ്റരീതിയില്‍ കുറ്റപത്രം തയ്യാറാക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് അന്വേഷണ സംഘം.