India Kerala

കൂടത്തായ് ഭൂമിയിടപാട്; റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു

കൂടത്തായി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട റവന്യൂ വകുപ്പിന്റെ അന്വേഷണം പൂര്‍ത്തിയാവുന്നു. വ്യാജ ഒസ്യത്ത് ഉണ്ടാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചെന്ന ജോളിയുടെ മൊഴിയെ തുടര്‍ന്നായിരുന്നു അന്വേഷണം. 2005 മുതലുള്ള എല്ലാ രേഖകളും അന്വേഷണസംഘം പരിശോധിച്ചു.

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളിയെ റവന്യൂ ഉദ്യാഗസ്ഥര്‍ സഹായിച്ചുവെന്ന ആരോപണത്തിലാണ് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തിയത്. വ്യാജ ഒസ്യത്തുണ്ടാക്കുകയും അതുപയോഗിച്ച് ഭൂമി കൈക്കലാക്കാന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ ജയശ്രീ സഹായിച്ചുവെന്നായിരുന്നു ആരോപണം. കൂടത്തായി വില്ലേജിലെ 2005 മുതലുള്ള രേഖകള്‍, ആരോപണ വിധേയരായ റവന്യൂ ഉദ്യോഗസ്ഥരുടെ മൊഴികള്‍, പഞ്ചായത്ത് രേഖകള്‍ എല്ലാം പരിശോധിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഉടന്‍ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ സി.ബിജു പറഞ്ഞു.

കലക്ടര്‍ സാംബശിവറാവുവിന്റെ നിര്‍ദേശപ്രകാരമാണ് ഡെപ്യൂട്ടി കലക്ടര്‍ അന്വേഷണം നടത്തുന്നത്. ജോളിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണവും നടക്കുന്നുണ്ട്.