India Kerala

കൂടത്തായി കൊലപാതക പരമ്പര: അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും

കൂടത്തായി കൊലപാതക പരമ്പര കേസിന്റെ അന്വേഷണം ജോളിയുടെ ബന്ധുക്കളിലേക്കും നീളുന്നു. കൊലപാതക കേസുകളില്‍ നിന്ന് ജോളിയെ രക്ഷപ്പെടുത്താന്‍ സഹോദരന്‍ ശ്രമിച്ചെന്ന് അന്വേഷണ സംഘം കണ്ടെത്തി. താമരശ്ശേരി കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് നിര്‍ണ്ണായക വിവരങ്ങളുള്ളത്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. കസ്റ്റഡി അപേക്ഷയുടെ പകര്‍പ്പ് മീഡിയവണ്ണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

ഓരോ ദിവസം മുന്നോട്ട് പോകുന്തോറും ഓരോരോ പുതിയ വിവരങ്ങളാണ് പുറത്ത് വരുന്നത്. പിടിയിലാകുമെന്ന് ഉറപ്പായപ്പോള്‍ ജോളി സ്വന്തം നാടായ കട്ടപ്പനയില്‍ പോയി അഭിഭാഷകനെ കണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ഇതിന് സഹായം നല്‍കിയത് ജോളിയുടെ സഹോദരനാണ്. അതുകൊണ്ട് മുഴുവന്‍ കൊലപാതകത്തിലും ബന്ധുക്കള്‍ക്കും കൂടി പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍ അന്വേഷണ സംഘം പറയുന്നത്.

കേസന്വേഷണത്തോട് ജോളി പൂര്‍ണ്ണമായും സഹകരിക്കുന്നില്ലന്നും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ തെളിവ് ശേഖരണത്തിന് കഴിയുന്നില്ലെന്നും പറയുന്നു. ബിഎസ്എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണും ജോളിയും തമ്മില്‍ സയനൈഡ് കൈമാറ്റം നടത്തിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കണം. പ്രത്യേക അപേക്ഷ നടത്തി റേഷന്‍കാര്‍ഡില്‍ അധ്യാപികയെന്ന് ചേര്‍ത്തതില്‍ താലൂക്ക് സപ്ലൈ ഓഫീസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നാണ് പോലീസിന്റെ നിലപാട്. പ്രതികളെ കോയമ്പത്തൂരിലും കട്ടപ്പനിയുലമെത്തിച്ച് തെളിവെടുപ്പ് നടത്തേണ്ട സാഹചര്യവും ചൂണ്ടിക്കാണിക്കുന്നുണ്ട്.