കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയുടെ കാറിൽ നിന്നും കണ്ടെത്തിയത് സയനൈഡ് തന്നെയെന്ന് സ്ഥിരീകരണം. കണ്ണൂരിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കാറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച നിലയിലാണ് അന്വേഷണ സംഘം സയനൈഡ് കണ്ടെത്തിയത്.
സിലി കൊലപാതകത്തില്‍ ജോളിയുമായി അന്വേഷണ സംഘം നടത്തിയത് മാരത്തോണ്‍ തെളിവെടുപ്പായിരുന്നു. ഷാജുവിന്റെ പുലിക്കയത്തെ വീട്ടിലുള്‍പ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. സിലിക്ക് വിഷം കലര്‍ത്തി നല്‍കിയ അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി.
രാവിലെ വടകരയില്‍ നിന്ന് കൂടത്തായിയിലെത്തിച്ച ജോളിയെ ആദ്യം ഭര്‍തൃവീടായ പുലിക്കയത്തേക്കാണ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ജോളിയേയും ഷാജുവിനേയും സഖറിയാസിനേയും ഒന്നിച്ചിരുത്തി ഇവിടെ അന്വേഷണസംഘം ചോദ്യം ചെയ്തു. പുലിക്കയത്തെ തെളിവെടുപ്പിന് ശേഷം നേരെ പൊന്നാമറ്റത്തെ വീട്ടിലേക്ക്. പൊന്നാമറ്റത്തെ വീട്ടില്‍ അരിഷ്ടം സൂക്ഷിച്ചിരുന്ന ഷെല്‍ഫ് ഉള്‍പ്പെടെ അന്വേഷണസംഘത്തിന് ജോളി കാണിച്ച്‌കൊടുത്തു. തുടര്‍ന്ന് പൊന്നാമറ്റത്തുനിന്നും താമരശേരിയിലെ ദന്താശുപത്രിയിലേക്ക്.
താമരശേരി ഡി.വൈ.എസ്.പി ഓഫീസില്‍ നിന്നും ഉച്ച ഭക്ഷണത്തിന് ശേഷം വീണ്ടും തെളിവെടുപ്പിനായി പുറത്തേക്ക്. സിലിക്ക് നല്‍കാനായി അരിഷ്ടം വാങ്ങിയ കടയിലും ജോളിയെ എത്തിച്ച് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കസ്റ്റഡി കാലാവധി തീരും മുന്‍പ് ജോളിയെ കട്ടപ്പനയിലെത്തിച്ചും അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയേക്കും