India Kerala

ജോളിയുടെ രണ്ടാം ഭര്‍ത്താവ് കസ്റ്റഡിയില്‍; പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തി

കൂടത്തായി കൊലക്കേസുകളില്‍ ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.രാവിലെ പയ്യോളി ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തി ഒന്നര മണിക്കൂര്‍ ചോദ്യം ചെയ്തതിന് ശേഷമാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ ചോദ്യം ചെയ്യലിനായി ഷാജുവിനെ വടകര എസ്.പി ഓഫീസിലേക്ക് മാറ്റി

വ്യാജ വില്‍പത്രം നിര്‍മിക്കാന്‍ ജോളിയെ സഹായിച്ചെന്ന സംശയമുള്ള ഡെപ്യൂട്ടി തഹസില്‍ ജയശ്രീയെയും ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. റോയിയുടെ മരണം അന്വേഷിച്ച് മുന്‍ എസ്.ഐ രാമനുണ്ണിയെയും ചോദ്യം ചെയ്യും.

പ്രാദേശിക രാഷ്ട്രീയ നേതാക്കളുമായി ജോളി പണമിടപാട് നടത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തി. ഇതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. നേരത്തെ തന്നെ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലുള്ളവരാണ് നേതാക്കള്‍.ഭൂമി ഇടപാടിലും ഇവര്‍ക്ക് പങ്കാളിത്തമുണ്ടെന്ന് അന്വേഷണസംഘം വ്യക്തമാക്കി.

ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ ലക്ഷ്യമിട്ടിരുന്നതായാണ് സൂചന. ഷാജുവിന്റെ മൂത്ത മകനെ കൂടി ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു. ജോളിയുടേയും ഷാജുവിന്റെയും കല്യാണത്തിന് ശേഷം മൂത്ത മകന്‍ പൊന്നാമറ്റം വീട്ടിലായിരുന്നു.

തന്റെ മകന്‍ പൊന്നാമറ്റം വീട്ടില്‍ അസ്വസ്ഥനായിരുന്നുവെന്ന് ഷാജു മീഡിയവണിനോട് പ്രതികരിച്ചു. അതേസമയം അന്നമ്മ തോമസിനെ കൊലപ്പെടുത്താന്‍ നേരത്തെയും ശ്രമമുണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തി. ആദ്യ തവണ നല്‍കിയ വിഷത്തിന്റെ വീര്യം കുറഞ്ഞതിനാല്‍ അന്ന് മരണം സംഭവിച്ചില്ല. പിന്നീട് വീര്യം കൂട്ടി നല്‍കിയാണ് കൊലപ്പെടുത്തിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

കേസില്‍ പ്രതിപ്പട്ടിക നീളുമെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. നിലവിൽ റിമാൻഡിലായ മൂന്ന് പ്രതികളെയും ബുധനാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പുറത്തു നിന്നുള്ളവരുടെ പങ്കും പൊലീസ് അന്വേഷിക്കും.

ഇപ്പോൾ റിമാൻഡിലായ ജോളി, മാത്യു, പ്രജികുമാർ എന്നിവർക്ക് പുറമേ സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘം നൽകുന്ന വിവരം. സയനൈഡിന് പുറമേ മറ്റു ചില വിഷാംശങ്ങളും കൊലപാതകത്തിൽ ഉപയോഗിച്ചിട്ടുണ്ടെന്ന ജോളിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇതെങ്ങനെ ലഭ്യമാക്കി, ആരുടെ സഹായം ലഭിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കും. ഇത്തരത്തിൽ കൊലപാതകത്തിൽ ജോളിയെ സഹായിച്ച മറ്റുള്ളവരെയും പിടികൂടാനാണ് പൊലീസ് ശ്രമം. ഇതോടൊപ്പം വ്യാജ ഒസ്യത്ത് (വിൽപ്പത്രം) ചമയ്ക്കാൻ കൂട്ടു നിന്നവർക്ക് സാമ്പത്തികമായോ മറ്റൊ നേട്ടങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കും. ഇതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തുടർ നടപടികളുണ്ടാകുക.

നിലവിൽ റിമാൻഡിലായ മൂന്നു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുമെന്നാണ് പോലീസ് കരുതുന്നത്. പ്രതികളുമായി ആയി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്താനും പൊലീസ് ഉദ്ദേശിക്കുന്നുണ്ട്. അതേസമയം ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് പുറത്തുനിന്നുള്ളവരുടെ പങ്കും അന്വേഷണ പരിധിയിൽ വരും.