കൂടത്തായി കൂട്ടകൊലപാതക കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി വേണമെന്ന് പൊലീസ് ആവശ്യപ്പെടും. സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങിയതിന് ശേഷമായിരിക്കും നിലപാട് കോടതിയെ അറിയിക്കുക. റോയ് തോമസ് കൊലപാതക കേസിലെ തുടര്‍നടപടികള്‍ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുന്നതിന് വേണ്ടി, ഈ മാസം 21ന് താമരശ്ശേരി കോടതി കേസ് പരിഗണിക്കും.
കൂടത്തായി കൂട്ടകൊലപാതകവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് പ്രത്യേക അന്വേഷണ സംഘം രജിസ്ട്രര്‍ ചെയ്തത്. മുഴുവന്‍ കേസുകളിലേയും പ്രതികള്‍ ഒന്ന് തന്നെ. സാക്ഷികളും സമാനം. അതുകൊണ്ട് വിചാരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രത്യേക കോടതി വേണമെന്നതാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും സമാന നിലപാട് തന്നെയാണുള്ളത്. ഇതുവരെ കേസ് പരിഗണിച്ചിരുന്ന താമരശ്ശേരി കോടതി കുറ്റപത്രം സ്വീകരിച്ച സാഹചര്യത്തില്‍ കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കൈമാറും. ഇതിന് വേണ്ടി ഈ മാസം 21ന് താമരശ്ശേരി കോടതി കേസ് പരിഗണിക്കുന്നുണ്ട്.
അതിനിടയില്‍ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം സംബന്ധിച്ച ഉത്തരവിറങ്ങുമെന്നാണ് പൊലീസ് കരുതുന്നത്. സെഷന്‍സ് കോടതി കേസ് എത്തുമ്പോഴേക്കും പൊലീസിന്റെ നിലപാട് കോടതിയെ ധരിപ്പിക്കും. പ്രത്യേക കോടതി എന്ന ആവശ്യം സെഷന്‍സ് കോടതി അംഗീകരിക്കാനുള്ള സാധ്യതയുണ്ടന്നാണ് പൊലീസിന് ലഭിച്ച നിയമോപദേശം. കോടതി ഏതായാലും വിചാരണ നടപടികള്‍ അടുത്ത മാസത്തോടെ ആരംഭിക്കാനാണ് സാധ്യത.