India Kerala

കൂടത്തായി; ജനുവരി രണ്ടിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും

കൂടത്തായി റോയി തോമസ് വധക്കേസില്‍ കുറ്റപത്രം തയ്യാറാവുന്നു. ജനുവരി രണ്ടിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. പഴുതടച്ചുള്ള കുറ്റപത്രം തയ്യാറാക്കുന്നത് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആര്‍ ഹരിദാസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്.

ഏറെ ദുരൂഹതകള്‍ നിറഞ്ഞ കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത റോയി തോമസ് വധക്കേസിലെ കുറ്റപത്രമാണ് അന്വേഷണ സംഘം തയ്യാറാക്കുന്നത്. ഒക്ടോബര്‍ 5നാണ് മുഖ്യപ്രതിയായ ജോളി ഉള്‍പ്പടെ മൂന്ന് പ്രതികളെ അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. കൂടത്തായി കൂട്ടക്കൊലപാതകത്തില്‍ മരിച്ച ആറുപേരുടെ കല്ലറകള്‍പൊളിച്ച് പരിശോധന നടത്തിയതിന്‍റെ പിറ്റേദിവസമായിരുന്നു പ്രതികളുടെ അറസ്റ്റ്.

അറസ്റ്റ് കഴിഞ്ഞ് 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. അല്ലെങ്കില്‍ പ്രതിക്ക് ജാമ്യത്തിന് അര്‍ഹതയുണ്ട്. റോയി തോമസ് വധക്കേസിന് പുറമെ മറ്റ് അഞ്ച് കൊലപാതക കേസുകള്‍ കൂടിയുള്ളതിനാല്‍ റോയിവധക്കേസില്‍ ജാമ്യം ലഭിച്ചാലും ജോളിക്കും മറ്റ് പ്രതികള്‍ക്കും പറുത്തിറങ്ങാനാവില്ല. എന്നാലും കൃത്യസമയത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം.

കൂടത്തായി കൂട്ടകൊലപാതക കേസില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുള്‍പ്പടെ ശാസ്ത്രീയമായ തെളുവുകളുള്ളത് റോയി തോമസ് വധക്കേസിലാണ്. ഈ കേസില്‍ പഴുതടച്ച കുറ്റപത്രം തയ്യാറാക്കി പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കുകയാണ് അന്വേഷണ സംഘത്തിന്‍റെ ലക്ഷ്യം. ഇതിന് സമാനമായ രീതിയിലാണ് കൂടത്തായി കൂടുംബത്തിലെ മറ്റ് അഞ്ച് കൊലപാതകങ്ങള്‍കൂടി പ്രതി നടത്തിയതെന്ന് കോടതിയില്‍ തെളിയിക്കാനാവും അന്വേഷണ സംഘം ശ്രമിക്കുക.

ജോളി വ്യാജ രേഖകള്‍ ചമച്ച് സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചിരുന്നുവെന്ന ടോം തോമസിന്‍റെ രണ്ടാമത്തെ മകന്‍റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് ഒരു കുടുംബത്തിലെ ആറുപേരുടെ ദുരൂഹമരണത്തിന്‍റെ ചുരുളഴിച്ചത്.