India Kerala

വ്യാജ ഒസ്യത്ത് നിര്‍മ്മിച്ച കേസില്‍ ജോളിക്കെതിരായ അന്വേഷണ റിപ്പോര്‍ട്ട് കാണാനില്ല

വ്യാജ ഒസ്യത്ത് നിര്‍മിച്ച് ഭൂമി തട്ടിയെടുത്ത സംഭവത്തില്‍ ജോളിക്ക് എതിരായ അന്വേഷണ റിപോര്‍ട്ട് കാണാതായതായി സ്ഥിരീകരണം. ജോളിക്ക് എതിരെ വില്ലേജ് ഓഫീസര്‍ തയ്യാറാക്കിയ റിപോര്‍ട്ടാണ് കാണാതായത്. ഓമശേരി പഞ്ചായത്തില്‍ നിന്നും റിപോര്‍ട്ട് കാണാതായതായി നേരത്തെ റിപോര്‍ട്ട് ചെയ്തിരുന്നു. സംഭവത്തില്‍ പഞ്ചായത്ത് അധികൃതരോട് പഞ്ചായത്ത് വിശദീകരണം തേടി.

ടോം തോമസിന്റെ പേരിലുള്ള വീടും സ്ഥലവും വ്യാജ ഒസ്യത്തും അനുബന്ധ രേഖകളും ഹാജരാക്കി ജോളി സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. മറ്റ് ബന്ധുക്കള്‍ പരാതിയുമായി രംഗത്ത് വന്നപ്പോള്‍ വില്ലേജ് ഓഫീസര്‍ ഇക്കാര്യം പരിശോധിച്ചു. ഇതിലാണ് ജോളി ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്.

തുടര്‍ന്ന് വില്ലേജ് ഓഫീസര്‍ ഇത് സംബന്ധിച്ച റിപോര്‍ട്ട് പഞ്ചായത്തിനടക്കം നല്‍കി. ഇതോടെ ജോളിയുടെ പേരിലേക്ക് മാറ്റിയ ഉടമസ്ഥാവകാശം തിരികെ മാറ്റി. ഇക്കാര്യം ഓമശേരി പഞ്ചായത്തിന്റെ രജിസ്റ്ററില്‍ രേഖപ്പെടുത്തി. വില്ലേജ് ഓഫീസറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും റിപോര്‍ട്ടിലുണ്ട്.

എന്നാല്‍ രജിസ്റ്ററില്‍ മാറ്റം വരുത്താന്‍ ആധാരമായ റിപോര്‍ട്ട് മാത്രം ഓഫീസില്‍ നിന്ന് അപ്രത്യക്ഷമായി. ക്രൈംബ്രാഞ്ച് പരിശോധനയിലും ഇക്കാര്യം കണ്ടെത്തി. തുടര്‍ന്ന് രജിസ്റ്റര്‍ അടക്കമുള്ള മറ്റ് രേഖകള്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റിപോര്‍ട്ട് കാണാതായതില്‍ പഞ്ചായത്ത് അധികൃതരോട് അന്വേഷണ സംഘം വിശദീകരണം ചോദിച്ചിട്ടുണ്ട്. ഉന്നതതല ഇടപെടലുകളെ തുടര്‍ന്ന് റിപോര്‍ട്ട് ആരോ മാറ്റിയതാണെന്ന സംശയം ഇതോടെ കൂടുതല്‍ ശക്തമാവുകയാണ്