India Kerala

കൂടത്തായ് കേസ്: അഞ്ചാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി കൂട്ടകൊലപാതക കേസിലെ അഞ്ചാമത്തെ കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. പൊന്നാമറ്റത്ത് ടോം തോമസ് കൊല്ലപ്പെട്ട കേസിലെ കുറ്റപത്രമാണ് താമരശ്ശേരി കോടതിയില്‍ നല്‍കുക. സ്വത്ത് തട്ടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ‌ ജോളിയുടെ ആദ്യഭര്‍ത്താവ് റോയ് തോമസിന്‍റെ പിതാവ് ടോം തോമസ് 2008 ഓഗസ്റ്റ് 26-നാണ് കൊല്ലപ്പെട്ടത്. സ്വത്ത് സ്വന്തമാക്കുന്നതിന് വേണ്ടി ഗുളികയില്‍ സയനൈഡ് കലര്‍ത്തി കൊലപാതകം നടത്തുകയായിരുന്നുവെന്ന കണ്ടത്തിലിലാണ് അന്വേഷണ സംഘം.

സ്ഥിരമായി കഴിക്കുന്ന ഗുളികയില്‍ സന്ധ്യാപ്രാര്‍ത്ഥനക്കിടെയാണ് സയനൈഡ് കലര്‍ത്തി നല്‍കിയത്. ജോളിയുടെ മകന്‍ റോമോയാണ് കേസിലെ പ്രധാന സാക്ഷി. ജോളി, ടോം തോമസിന് ഗുളിക നല്‍കുന്നത് കണ്ടുവെന്നതാണ് മൊഴി. ബഹളം കേട്ട് ആദ്യം ഓടിയെത്തിയ അയല്‍ക്കാരും,ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുമടക്കം 170 ഓളം സാക്ഷികളുണ്ട്.

ടോം തോമസിന്‍റെ പേരിലുള്ള സ്വത്ത് വ്യാജ വില്‍പത്രം തയ്യാറാക്കി പിന്നീട് ജോളി കൈവശപ്പെടുത്തിയിരുന്നു. കുറ്റ്യാടി സി.ഐ.എന്‍ സുനില്‍കുമാറാണ് കേസ് അന്വേഷിച്ചത്. ജോളിക്ക് സയനൈഡ് നല്‍കിയ എം.എസ് മാത്യുവും,പ്രജികുമാറും കേസില്‍ രണ്ടും മൂന്നും പ്രതികളാണ്.