India Kerala

കൂടത്തായ് കൊലപാതകം; ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയെ വടകര പൊലീസ് സ്റ്റേഷനില്‍ നിന്ന് എസ്.പി ഓഫീസിലെത്തിച്ചു. ഇവിടെ ചോദ്യം ചെയ്തതിന് ശേഷമായിരിക്കും തെളിവെടുപ്പ് നടത്തുക. കൊലപാതകങ്ങൾക്കു ശേഷം ജോളി സയനൈഡ് സൂക്ഷിച്ചു വച്ചിട്ടുണ്ടെന നിഗമനത്തിലാണ് അന്വേഷണ സംഘം. ജോളിയും മാത്യുവിനെയും ഇന്ന് തന്നെ പൊന്നാമറ്റം വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്താനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത്.

പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം ആദ്യഘട്ടം ചോദ്യംചെയ്യൽ പൂർത്തിയാക്കിയ അന്വേഷണസംഘം തെളിവെടുപ്പ് നടപടികളും കൂടുതൽ ചോദ്യംചെയ്യലുമാണ് ഇന്ന് നടത്തുക. ജോളിയുടെ എൻ.ഐ.ടി യാത്രകൾ, വ്യാജരേഖ ചമയ്ക്കൽ, ആറുപേരുടെ ദുരൂഹ മരണം, കോയമ്പത്തൂർ യാത്ര തുടങ്ങിയവ സംബന്ധിച്ചണ് പ്രധാനമായും തെളിവെടുപ്പ് നടത്തുക. ജോളിയുടെ എൻ.ഐ.ടി. യിലെ വിപുലമായ ബന്ധങ്ങളെക്കുറിച്ച് പ്രത്യേകം അന്വേഷിക്കാനും തെളിവെടുപ്പ് നടത്താനുമാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഒപ്പം സയനൈഡ് ഉൾപ്പടെ കൊലപാതകത്തിന് ഉപയോഗിച്ച വിഷാംശങ്ങൾ ലഭ്യമാക്കിയ സ്ഥലങ്ങളും തെളിവെടുപ്പിൽ ഉൾപ്പെടുത്തും.

ഇതിനിടെ മൂന്നാംപ്രതി പ്രജികുമാർ കൂടുതൽപേർക്ക് സയനൈഡ് കൈമാറിയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിനിടെ പ്രാദേശിക കോൺഗ്രസ് നേതാവ് രാമകൃഷ്ണന്റെ മരണം സംബന്ധിച്ച് ബ്യൂട്ടിപാർലർ ഉടമ സുലൈഖയിൽ നിന്നും ഭർത്താവ് മജീദിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ഏഴു ദിവസത്തെ കസ്റ്റഡി ദിനത്തിൽ പരമാവധി തെളിവുകൾ ശേഖരിക്കാനും ചോദ്യം ചെയ്യൽ വഴി കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാനുമാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ആറു കേസുകളും വെവ്വേറെ അന്വേഷിക്കുന്നത് വഴി കൂടുതൽ സമയം ലഭിക്കുമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.