India Kerala

ശബരിമല വിഷയം ഏശിയില്ല; കോന്നിയില്‍ ‘മൂന്നില്‍’ അവസാനിപ്പിച്ച് കെ സുരേന്ദ്രന്‍

പ്രതീക്ഷകളുടെ വലിയ മനക്കോട്ട കെട്ടിയാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ കോണ്‍ഗ്രസ് മേധാവിത്വമുള്ള കോന്നി മണ്ഡലത്തില്‍ മല്‍സരത്തിനിറങ്ങിയത്. മുന്‍ തെരഞ്ഞെടുപ്പുകളിലെ പോലെ തന്നെ ശബരിമല വിഷയം മുന്‍ നിര്‍ത്തി പ്രചരണങ്ങള്‍ക്ക് തുടക്കമിട്ട ബി.ജെ.പി പ്രചരണാവസാനം വരെ ഇതേ വിഷയം മുന്‍നിര്‍ത്തിയായിരുന്നു ജനങ്ങളിലേക്കിറങ്ങിയിരുന്നത്. വിശ്വാസികളുടെ പിന്തുണ തങ്ങള്‍ക്കാണെന്ന് പ്രചരാണാവസാനം വരെ ഉറപ്പിച്ച ബി.ജെ.പിക്ക് ഏറ്റ കനത്ത തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പിലെ ഈ ഫലം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 46,506 വോട്ടുകള്‍ ലഭിച്ച മണ്ഡലത്തില്‍ നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ അതിനേക്കാള്‍ 6720 വോട്ടുകള്‍ കുറഞ്ഞ് 39786 വോട്ടുകള്‍ മാത്രം ലഭിച്ചത് ശബരിമല വിഷയം കോന്നിയില്‍ എത്രമാത്രം പ്രതിഫലിച്ചു എന്നതിന്റെ തെളിവാണ്.

അതെ സമയം ദീര്‍ഘക്കാല കോണ്‍ഗ്രസ് മണ്ഡലമായ കോന്നിയെ സ്വന്തം പേരിലാക്കിയത് ഇടതുമുന്നണിക്ക് അഭിമാനിക്കാന്‍ തക്കമുള്ള മുന്നേറ്റമാണ്. ഇടതുമുന്നണിയുടെ ജനീഷ് കുമാര്‍ 9953 വോട്ടിന്റെ മിന്നുന്ന ഭൂരിപക്ഷത്തിനാണ് കോന്നിയില്‍ വിജയിച്ചത്. 70.07 ശതമാനം വോട്ടിങ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 54099 വോട്ട് ജനീഷ് കുമാറിന്റെ അക്കൗണ്ടിലെത്തി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മോഹന്‍രാജിന് ലഭിച്ചത് 44146 വോട്ട് ആണ്.

2016-ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ പ്രകാശ് 72,800 വോട്ടിനാണ് വിജയിച്ചിരുന്നത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആര്‍.സനല്‍കുമാറിനേക്കാള്‍ 20748 വോട്ടിന്റെ ഭൂരിപക്ഷത്തോടെയായിരുന്നു അടൂര്‍ പ്രകാശിന്റെ അന്നത്തെ വിജയം. ആ ഭൂരിപക്ഷം മറികടക്കാന്‍ ജനീഷ് കുമാറിന് കഴിഞ്ഞില്ലെങ്കിലും യു.ഡി.എഫിന്റെ കോട്ട തകര്‍ക്കാന്‍ കഴിഞ്ഞു എന്നത് തന്നെ വിലമതിക്കാനാകാത്ത നേട്ടമാണ്.