കോന്നിയിൽ റോബിൻ പീറ്ററിനെ സ്ഥാനാർഥി ആക്കാൻ സമ്മർദ്ദവുമായി പ്രാദേശിക കോൺഗ്രസ്സ് നേതൃത്വം. കോന്നി മണ്ഡലം കമ്മിറ്റി ഓഫീസിൽ യോഗം ചേർന്ന പ്രാദേശിക നേതാക്കൾ നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർത്തിയത്. നഗരത്തിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
കോന്നിയിൽ റോബിൻ പീറ്ററെ സ്ഥാനാർഥിത്വത്തിൽ നിന്ന് മാറ്റിയേക്കുമെന്ന സൂചനകൾ പുറത്ത് വരുന്നതിനിടെയാണ് സമ്മർദ്ദവുമായി പ്രാദേശിക നേതൃത്വം രംഗത്തെത്തിയത്. കോന്നി കോൺഗ്രസ്സ് നിയോജക മണ്ഡലം മഹിളാ കോൺഗ്രസ്സ്, യൂത്ത് കോൺഗ്രസ്സ്, കെ.എസ്.യു തുടങ്ങി എല്ലാ പോഷക സംഘടനാ നേതാക്കളും രാവിലെ നടന്ന യോഗത്തിൽ പങ്കെടുത്തു.
റോബിൻ പീറ്ററല്ലാതെ മറ്റൊരു സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്നും നേതൃത്വം വേറൊരു സ്ഥാനാർഥിയെ തീരുമാനിച്ചാൽ രാജി വെക്കുമെന്നും പ്രാദേശിക നേതാക്കൾ വ്യക്തമാക്കി. വിവിധ പഞ്ചായത്ത് പ്രസിഡൻറുമാരും യോഗത്തിൽ പങ്കെടുത്തു.
റോബിൻ പിറ്ററല്ലാതെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്തിയാൽ വിജയിക്കാൻ കഴിയില്ലെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. പരസ്യ പ്രതികരണം കെ.പി.സി.സി വിലക്കിയതിന് പിന്നാലെയാണ് റോബിൻ പീറ്ററിനും അടൂർ പ്രകാശിനും പിൻതുണയുമായി കോന്നിയിലെ പ്രവർത്തകർ രംഗത്തിറങ്ങിയിരിക്കുന്നത്.