ത്രികോണ മത്സരത്തിലേക്ക് നീങ്ങുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ സാമുദായിക വോട്ടുകളും നിർണ്ണായകമാവും. പല വിധ വിഷയങ്ങൾ ഉയർത്തി മുന്നണികൾ പ്രചരണം നടത്തിയെങ്കിലും ഈ വോട്ടുകളുടെ ഏകീകരണമാവും വിജയിയെ നിർണ്ണയിക്കുന്നതിൽ പ്രധാന ഘടനമാവുക.
അടിയൊഴുക്കുകൾ നിർണ്ണായകമാവുന്ന കോന്നി ഉപതെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും വിജയ പ്രതീക്ഷ വെയ്ക്കുന്നുണ്ട്.
ഇരുപത്തിമൂന്ന് വർഷം അടൂർ പ്രകാശ് എം.എൽ.എയായിരുന്ന മണ്ഡലം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് ക്യാമ്പ്. എൻ.എസ്എ.സിന്റെ പിന്തുണയും യു.ഡി.എഫിന് പ്രതീക്ഷ നൽകുന്നതാണ്. എന്നാൽ റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്ന തർക്കങ്ങൾ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക മുന്നണിയ്ക്കുണ്ട്. പരമ്പരാഗത എസ്.എൻ.ഡി.പി വോട്ടുകളിലാണ് എൽ.ഡി.എഫ് പ്രതീക്ഷ. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് എം.എസ് രാജേന്ദ്രൻ പക്ഷത്തിനുണ്ടായ അതൃപ്തി എൽ.ഡി.എഫ് ക്യാമ്പിനെയും അസ്വസ്ഥമാക്കുന്നുണ്ട്. പ്രചരണത്തിലൂടെ ശബരിമല വിഷയത്തിലുണ്ടായ വോട്ടു വിള്ളൽ മറികടക്കാൻ കഴിഞ്ഞെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ മുന്നേറ്റം നടത്താൻ കഴിഞ്ഞതാണ് എൻ.ഡി.എ യുടെ വിജയ പ്രതീക്ഷ .ഓർത്തഡോക്സ് വിഭാഗത്തിന്റെ പിന്തുണ തങ്ങൾക്ക് ലഭിക്കുമെന്നാണ് എൻ.ഡി.എ യുടെ വിലയിരുത്തൽ. എസ്.എൻ.ഡി.പി യും ഓർത്തഡോക്സ് മർത്തോമ സഭകളും നിലപാട് പരസ്യമാക്കിയിട്ടില്ലെങ്കിലും തങ്ങൾക്ക് അനുകൂലമാവുമെന്നാണ് മൂന്ന് മുന്നണികളും അവകാശപ്പെടുന്നുണ്ട്.