ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോന്നിയിൽ സ്ഥാനാർത്ഥി ചർച്ചകളും സജീവമായി. സമുദായ സമവാക്യങ്ങൾക്കപ്പുറം വിജയ സാധ്യതയായിരിക്കും മുഖ്യ മാനദണ്ഡമാവുകയെന്നാണ് മുന്നണികൾ പറയുന്നത്. കോൺഗ്രസിൽ നിന്ന് പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് റോബിൻ പീറ്റർ, പി മോഹൻ രാജ്, പഴകുളം മധു എന്നിവരുടെ പേരുകളാണ് പ്രധാനമായും പരിഗണിക്കുന്നത്. മുൻ എം.എൽ.എ അടൂർ പ്രകാശ് നിർദ്ദേശിക്കുന്ന പേരിനാകും കോൺഗ്രസ് നേതൃത്വം മുൻതൂക്കം നൽകുക.
ഇത്തവണ മണ്ഡലം തിരിച്ച് പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് എൽ ഡി ഫ്. സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ഡി.വൈ.എഫ്ഐ. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു ജെനീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ കോന്നിയിൽ വോട്ട് വർദ്ധന ഉണ്ടായത് ബി.ജെ.പിയ്ക്കും പ്രതീക്ഷ നൽകുന്നുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന്റെയും ബി. ജെ.പി ജില്ലാ പ്രസിഡന്റ് അശോകൻ കുളനടയുടെയും പേരുകളാണ് ബി.ജെ.പി പരിഗണിക്കുന്നത്.