കൊല്ലത്തും സി.പി.എം കള്ളവോട്ട് ചെയ്തെന്ന ആരോപണവുമായി യു.ഡി.എഫ്. കള്ളവോട്ട് പരിശോധിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് യു.ഡി.എഫ് പരാതി നൽകി. സ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു.
കൊല്ലം ലോക്സഭാ മണ്ഡലത്തില്‍ അഞ്ച് കള്ളവോട്ട് നടന്നെന്ന് തെരഞ്ഞെടുപ്പ് ദിവസം തന്നെ കണ്ടെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതൽ സ്ഥലങ്ങളിൽ കള്ളവോട്ട് നടന്നെന്ന് യു.ഡി.എഫ് പരാതി നല്‍കിയത്. കടയ്ക്കൽ, കുമിൾ എന്നീ പഞ്ചായത്തുകളിൽ വ്യാപകമായി കള്ളവോട്ട് നടന്നു. പ്രശ്ന ബാധിത ബൂത്തുകളിൽ ക്യാമറാസ്ഥാപിക്കണമെന്ന ആവശ്യം നടപ്പായില്ലെന്നും യു.ഡി.എഫ് ആരോപിക്കുന്നു. സ്ഥലംമാറ്റത്തിനു അപേക്ഷ ക്ഷണിച്ച് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്നും യു.ഡി.എഫ് ആരോപിക്കുന്നു. വിഷയത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും കൊല്ലം ജില്ലാ കലക്ടർക്കും യു.ഡി.എഫ് പരാതി നൽകി.