കൊല്ലം അഴീക്കലിൽ ദുരന്ത നിവാരണ മുന്നൊരുക്കത്തിന്റെ ഭാഗമായി മോക്ഡ്രിൽ സംഘടിപ്പിച്ചു. മഴ, ചുഴലിക്കാറ്റ് സുനാമി മുന്നറിയിപ്പുകൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകാനായിരുന്നു മോക്ഡ്രിൽ സംഘടിപ്പിച്ചത്. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
മോക്ക്ഡ്രിൽ എങ്ങനെ ?
അഴീക്കൽ തീരത്ത് അപായ സൈറണുകൾ മുഴങ്ങി നിമിഷങ്ങൾക്കകം ആംബുലൻസും ഫയർഫോഴ്‌സും പൊലീസും മറ്റുസേനയും എല്ലാം സജ്ജമായി. 18 വർഷം മുൻപുള്ള സുനാമി ദുരന്തത്തിന്റെ ഞെട്ടിക്കുന്ന ഓർമ്മകളിലേക്ക് അഴീക്കലുകാർ ഒരു നിമിഷം മടങ്ങിപ്പോയി. എന്താണ് സംഭവിക്കുന്നത് എന്നറിയാതെ പകച്ചു. സേനാംഗങ്ങൾ ഓരോരുത്തരെയായി ആംബുലൻസിൽ കയറ്റി. സംഭവിച്ചത് എന്തെന്ന് അറിഞ്ഞില്ലെങ്കിലും നാട്ടുകാരും ഒപ്പം കൂടി.
ചീറിപ്പാഞ്ഞ ആംബുലൻസുകൾ ആശുപത്രിയിലേക്ക് പാഞ്ഞു. അവിടെ പ്രാഥമിക പരിശോധന. ഏറെ വൈകിയാണ് ദുരന്ത മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള മോക്ഡ്രില്ലാണ് സംഭവിച്ചത് എന്ന് നാട്ടുകാർക്ക് മനസ്സിലായത്.
മഴ , ചുഴലിക്കാറ്റ്, സുനാമി മുന്നറിയിപ്പുകൾ, മറ്റു സുരക്ഷാക്രമീകരണങ്ങൾ എന്നിവ സംബന്ധിച്ച് പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ക്ലാസുകളും നൽകി. ബോധവൽക്കരണ പരിപാടിയുടെ ഉദ്ഘാടനം സി.ആർ മഹേഷ് എംഎൽഎ നിർവഹിച്ചു.