Kerala

ഉമ്മന്‍ ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ഒതുക്കാന്‍ ആര്‍.എസ്.എസ് ചെന്നിത്തലയെ പ്രോത്സാഹിപ്പിക്കുന്നു; കോടിയേരി

എന്നാല്‍ സാമൂഹിക അകലം ഒന്നും പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമരപരിപാടികള്‍ സമൂഹത്തിന് നല്‍കുന്നത്

കേരളത്തിലെ ആര്‍.എസ്.എസിന് പ്രിയപ്പെട്ട നേതാവായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമല്ലാത്ത ആള്‍ യു.ഡി.എഫിനെ നിയന്ത്രിക്കുന്ന അവസ്ഥ ഉണ്ടാകണം എന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നത്. അതിന് എല്ലാവിധ പ്രോത്സാഹനവും ചെന്നിത്തലക്ക് ചെയ്തു കൊടുക്കുകയാണ് ആര്‍.എസ്.എസ്. ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ കാണ്‍ഗ്രസിനെ എതിര്‍ക്കാന്‍ ബി.ജെ.പിയും ആര്‍.എസ്.എസും തയ്യാറല്ല. ബി.ജെ.പിയെ എതിര്‍ക്കാന്‍ കോണ്‍ഗ്രസും. മറ്റെല്ലാ സംസ്ഥാനത്തും കേന്ദ്രത്തിലും ശക്തമായി പോരടിച്ചുകൊണ്ടിരിക്കുമ്പോള്‍ കേരളത്തിലെന്താണ് ഇത്തരം ഒരു നിലപാടെന്നും അദ്ദേഹം ചോദിച്ചു. ആര്‍.എസ്.എസ്. ഉദ്ദേശിക്കുന്നത് നടപ്പിലാക്കിക്കൊടുക്കുന്ന പ്രതിപക്ഷമായി കേരളത്തിലെ പ്രതിപക്ഷം മാറിയെന്നും കൊടിയേരി പറഞ്ഞു.

അടുത്തിടെ കോവിഡ് കേസുകളില്‍ ഗണ്യമായ വര്‍ധനയാണ് ഉണ്ടാവുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഒന്നാകെ ഇറങ്ങേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. മാതൃകപരമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് കോടിയേരി ആഹ്വാനം ചെയ്തു. എന്നാല്‍ സാമൂഹിക അകലം ഒന്നും പാലിക്കേണ്ടതില്ല എന്ന സന്ദേശമാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും സമരപരിപാടികള്‍ സമൂഹത്തിന് നല്‍കുന്നത്. സമുന്നതരായ നേതാക്കള്‍ പോലും സാമൂഹിക അകലം പാലിക്കാത്ത സ്ഥിതിയാണ്. ഇവര്‍ നല്‍കുന്ന സന്ദേശം സമൂഹത്തില്‍ കോവിഡിനെതിരായ ജാഗ്രത നഷ്ടപ്പെടുന്ന സ്ഥിതി സൃഷ്ടിച്ചിട്ടുണ്ട്. ജാഗ്രത വീണ്ടെടുക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കോവിഡ് വ്യാപനം തടയുന്നതിന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കുന്നത് പ്രായോഗിക ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. തൊഴില്‍ നഷ്ടപ്പെടുന്നതിനും സമ്പദ്‌വ്യവസ്ഥ താഴെ പോകുന്നതിനും ഇടയാക്കും. മുന്‍പ് നടന്ന ലോക്ക്ഡൗണില്‍ ഇത് കണ്ടതാണ്. എന്നാല്‍ കോവിഡ് വ്യാപനം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സ്ഥിതി വന്നാല്‍ ഇത് വേണ്ടി വരുമെന്നും കോടിയേരി ഓര്‍മ്മിപ്പിച്ചു. സ്വര്‍ണക്കടത്തില്‍ എന്‍ഐഎയ്ക്ക് എവിടെ വേണമെങ്കിലും എത്തി അന്വേഷണം നടത്താം. ശിവശങ്കറിനെതിരെയുളള അന്വേഷണം പാര്‍ട്ടിയേയും സര്‍ക്കാരിനേയും ബാധിക്കില്ല. അന്വേഷണ ഏജന്‍സികള്‍ക്ക് ഏത് അന്വേഷണവും നടത്താനുളള സൗകര്യം സര്‍ക്കാര്‍ ഒരുക്കുമെന്നും കോടിയേരി പറഞ്ഞു.