ചാന്‍സലറുടെ പദവിയില്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സമ്മര്‍ദത്തിന് വഴങ്ങി ഉത്തവുകളില്‍ ഒപ്പിടേണ്ട ആളല്ല ഗവർണർ. ചാന്‍സലറായി ഗവര്‍ണര്‍ തന്നെ തുടരണമെന്നും ഏറ്റുമുട്ടലിന് സര്‍ക്കാരില്ലെന്നും കോടിയേരി വ്യക്തമാക്കി.
കാലടിയില്‍ ഒരു പേര് മതിയെന്ന് പറഞ്ഞത് ഗവര്‍ണറാണ്. എന്നാൽ ഇപ്പോള്‍ മാറ്റിപ്പറയുന്ന ഗവര്‍ണറുടെ നീക്കം ദുരൂഹമാണ്. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പ്രശ്നം അവര്‍ തന്നെ തീര്‍ക്കണം. ചാന്‍സലര്‍ പദവി ഗവണ്‍മെന്‍റ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ആവശ്യമെങ്കില്‍ മുഖ്യമന്ത്രി ഗവര്‍ണറുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട പദവിയില്‍ ഇരിക്കുന്ന വ്യക്തിയാണ് ഗവര്‍ണര്‍. വിസിമാരുടെ നിയമനം സംബന്ധിച്ച് ശിപാര്‍ശ സമര്‍പ്പിക്കുന്നത് സര്‍ക്കാരല്ല, ഗവര്‍ണര്‍ തന്നെ അംഗീകരിച്ച സെര്‍ച്ച് കമ്മിറ്റിയാണ്. ഐകകണ്ഠ്യേനയാണ് സെര്‍ച്ച് കമ്മിറ്റി പേരു നല്‍കിയത്. അദ്ദേഹം ഇപ്പോൾ അത് മാറ്റി പറയുന്നു. ഇത് ഗവര്‍ണര്‍ തന്നെയാണ് വ്യക്തമാക്കേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.