India Kerala

ശബരിമല: സര്‍ക്കാര്‍ നിലപാട് ന്യായീകരിച്ച് മുഖ്യമന്ത്രിയും സി.പി.എമ്മും

തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും ശബരിമലയിലെ സ്ത്രീപ്രവേശന നിലപാടിൽ പിന്നോട്ടില്ലെന്ന സൂചന നൽകി സി.പി.എം. കോടതി നിർദേശങ്ങൾ പൂർണ്ണമനസോടെ നടപ്പാക്കാൻ സജ്ജമായ സർക്കാരാണ് കേരളത്തിലേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ശബരിമലയിൽ സർക്കാർ സ്വീകരിച്ച നിലപാട് ശരിയായിരുന്നെ് കോടിയേരി ബാലകൃഷ്ണനും നിലപാടിൽ മാറ്റമില്ലെന്ന് തോമസ് ഐസക്കും വ്യക്തമാക്കി.

ലോക്സഭ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശബരിമലയും കാരണമായിട്ടുണ്ടെന്നായിരുന്നു സി.പി.എം സെക്രട്ടറിയേറ്റിൻറെ വിലയിരുത്തൽ. എന്നാൽ തിരിച്ചടി നേരിട്ടെങ്കിലും കോടതി വിധി നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയാണ് സർക്കാരും സി.പി.എം നേതൃത്വവും നൽകുന്നത്. ശബരിമലയുടെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും മുഖ്യമന്ത്രിയുടെ വിശദീകരണം ഇങ്ങനെ-

“കോടതി ഉത്തരവുകള്‍ നടപ്പാക്കുമ്പോള്‍ സ്ഥാപിത താത്പര്യക്കാരുടെ ആക്രമണങ്ങള്‍ വരുന്നു. ജുഡീഷ്യറി പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി നടപ്പിലാക്കുന്ന എക്സിക്യുട്ടീവാണ് കേരളത്തിലുള്ളത്. ഈ സാഹചര്യത്തില്‍ എക്സിക്യുട്ടീവിനെ സംരക്ഷിക്കുകയാണ് ജുഡീഷ്യറിയുടെ കടമ”.

ശബരിമലയിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സുപ്രീംകോടതി വിധിയാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. വിശ്വാസികള്‍ പൂര്‍ണമായും എതിരായിരുന്നുവെങ്കില്‍ ഇത്രയും വോട്ട് എല്‍.ഡി.എഫിന് കിട്ടില്ലായിരുന്നു. മതന്യൂനപക്ഷങ്ങളുടെ വോട്ടും എല്‍.ഡി.എഫിന് ലഭിച്ചെന്നും കോടിയേരി പ്രതികരിച്ചു. ‌

സമാനമായ രീതിയിലായിരുന്നു മന്ത്രി തോമസ് ഐസക്കിൻറെ പ്രതികരണവും. ഭരണഘടന അനുസരിച്ചാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുക. മതനിരപേക്ഷ കക്ഷികളുടെ പിന്തുണ പ്രതീക്ഷിച്ചതു പോലെ കിട്ടിയില്ലെന്നും ഐസക് പറഞ്ഞു.