India Kerala

എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം

എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി സി.പി.എം. ആരോടും നിഷേധാത്മക നിലപാടില്ലെന്നും കാണാൻ അനുവാദമുണ്ടെങ്കിൽ ആരെയും കാണാൻ തയാറാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ അടച്ചിട്ട വാതിലിൽ മുട്ടിവിളിക്കാൻ തയാറാവില്ല. എസ്.എന്‍.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കണിച്ചിക്കുളങ്ങരയിലെ വീട്ടിൽ നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കോടിയേരിയുടെ പ്രതികരണം.


പിണറായി വിജയന് പിന്നാലെ പാർട്ടി സംസ്ഥാന സെക്രട്ടറിയും എസ്.എന്‍.ഡി.പി ജനറൽ സെക്രട്ടറിയുടെ വീട്ടിൽ സൗഹൃദ സന്ദർശനത്തിനെത്തി. അരമണിക്കൂറിലധികം നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളുടെ മുന്നിലേക്ക്. എന്‍.എസ്.എസിനോടുള്ള നിലപാട് മയപ്പെടുത്തി കൊണ്ടുള്ള കോടിയേരിയുടെ വിശദീകരണം. കോടിയേരിയുമായി അടുത്ത ബന്ധമാണെന്നും രാഷ്ട്രീയ നേതാക്കൾ തെരഞ്ഞെടുപ്പ് കാലത്ത് പിന്തുണ തേടുന്നത് സ്വാഭാവികമെന്നും വെള്ളാപ്പള്ളി വിശദീകരിച്ചു. അതേസമയം തുഷാറിന്റെ സ്ഥാനാർത്തിത്വം സംബന്ധിച്ച് താൻ നിലപാട് മാറ്റിയെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.