India Kerala

കോടിയേരി അതിരു കടക്കുന്നുവെന്ന് സുകുമാരന്‍ നായര്‍

സി.പി.എം എന്‍.എസ്.എസ് തര്‍ക്കം വീണ്ടും രൂക്ഷമാകുന്നു. മാടമ്പികളുടെ പിന്നാലെ നടക്കുന്ന രീതി സി.പി.എമ്മിന് ഇല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കേരളം വിധിയെഴുന്നത് ഏതെങ്കിലും സമുദായ നേതാവ് പറയുന്നത് കേട്ടല്ലെന്നും കോടിയേരി വിമര്‍ശിച്ചു. എന്നാല്‍ കോടിയേരി അതിര് കടക്കുന്നതായും എന്‍.എസ്.എസില്‍ ചേരിതിരിവുണ്ടാക്കാന്‍ ശ്രമിച്ചാല്‍ നേരിടുമെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയിലൂടെ മറുപടി നല്‍കി.

ശബരിമല വിഷയത്തില്‍ സി.പി.എമ്മിനോടും സര്‍ക്കാരിനോടും ഇടഞ്ഞു നില്‍ക്കുന്ന എന്‍.എസ്.എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന നിലപാടാണ് സി.പി.എം ആദ്യം സ്വീകരിച്ചത്. ഇത് നിഷേധിച്ച എന്‍.എസ്.എസ് സമീപനമാണ് സി.പി.എം സംസ്ഥാന സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. എന്‍.എസ്.എസിനെ രാഷ്ട്രീയമായി പ്രതിരോധിക്കേണ്ടി വന്നാല്‍ അതിനും തയ്യാറെന്നു പറഞ്ഞ കോടിയേരി, എന്‍.എസ്.എസിന്റെ രാഷ്ട്രീയ ഇടപെടലുകളുടെ ചരിത്രവും ഓര്‍മ്മിപ്പിച്ചു.

കോടിയേരിയുടെ പ്രതികരണങ്ങള്‍ അതിര് കടക്കുന്നുവെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി. അധികാരം ഉണ്ടെന്ന് കരുതി എന്തും പറയാമെന്ന വിചാരം ആര്‍ക്കും നന്നല്ല. കോടിയേരിക്ക് മറുപടി നല്‍കാന്‍ എന്‍.എസ്.എസിന്റെ സംസ്‌കാരം അനുവദിക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ പറഞ്ഞു.