കോടിയേരി ബാലകൃഷ്ണന് പകരം പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കും നൽകേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. കോടിയേരി ചികിത്സയ്ക്ക് പോകുമ്പോള്‍ നേരത്തെ ചെയ്ത പോലെ പാര്‍ട്ടി സെന്‍ററായിരിക്കും ചുമതലകള്‍ നിര്‍വ്വഹിക്കുന്നത്.
കഴിഞ്ഞ ഒക്ടോബറില്‍ കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് പോയപ്പോള്‍ പാര്‍ട്ടി സെന്‍ററായിരിന്നു സെക്രട്ടറിയുടെ ചുമതലകള്‍ നിര്‍വ്വഹിച്ചിരിന്നത്. ഈ മാസം അവസാനം വീണ്ടും വിദേശത്തേക്ക് പോകുമ്പോള്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുമെന്ന സൂചനകള്‍ ഉണ്ടായിരിന്നു.
എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും ചുമതല നല്‍കേണ്ടതില്ലെന്നാണ് ഇന്ന് ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. കോടിയേരിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് മന്ത്രി എം.എം മണി പറഞ്ഞു. ഈ മാസം 19 ,20 തീയതികളില്‍ ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റിയില്‍ വിഷയങ്ങളെല്ലാം ചര്‍ച്ചക്ക് വരും.