എന്‍.എസ്.എസ് നിലപാടിനെച്ചൊല്ലി വിവാദം പുകയുന്നു. വട്ടിയൂര്‍ക്കാവില്‍ എന്‍.എസ്.എസ് ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നുവെന്നാരോപിച്ച് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. എന്‍. എസ്.എസ് യു.ഡി.എഫിന്റെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. എന്‍.എസ്.എസിനെ പിന്തുണച്ച് രമേശ് ചെന്നിത്തല രംഗത്തുവന്നു.
എന്‍.എസ്.എസ് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സംഗീത് കുമാറിന്റെ നേതൃത്വത്തില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. നായര്‍ ആയ മോഹന്‍കുമാറിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എന്‍.എസ്.എസ് സ്ക്വാഡ്. ഇത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് കാട്ടിയാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്. മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്കും തിരുവനന്തപുരം ജില്ല കളക്ടര്‍ക്കും കൈമാറിയ പരാതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഫാക്സ് ചെയ്തു.
എന്‍.എസ്.എസ് അധ്യക്ഷന്‍ യു.ഡി.എഫ് കണ്‍വീനറെപ്പോലെ പെരുമാറുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്ന നിലപാടാണ് എല്‍.ഡി.എഫിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.