Kerala

കൊടകര കള്ളപ്പണ കവർച്ചാ കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കൊടകര കള്ളപ്പണ കവർച്ച കേസിൽ അന്വേഷണ സംഘം കേന്ദ്ര ഏജൻസികൾക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കള്ളപ്പണ ഇടപാടുകളുമായി ബന്ധപെട്ട അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഉൾപ്പെടുത്തി ആദായ നികുതി വകുപ്പ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നിവർക്കാണ് റിപ്പോർട്ട് നൽകുക. കേന്ദ്ര ഏജൻസികൾക്ക് ഇത് രണ്ടാം തവണയാണ് പൊലീസ് റിപ്പോർട്ട് നൽകുന്നത്.

കൊടകര കള്ളപ്പണ കവർച്ച കേസിൽ കുറ്റപത്രം സമർപ്പിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് പൊലീസ് കേന്ദ്ര ഏജൻസികൾക്ക് റിപ്പോർട്ട് നൽകുന്നത്. കാെടകരയിൽ 25 ലക്ഷം രൂപയും കാറും കവർച്ച ചെയ്യപ്പെട്ടുവെന്ന കേസിന്റെ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയ വിവരങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ടാണ് സമർപ്പിക്കുന്നത്. കുറ്റപത്രത്തിന്റെ പകർപ്പും കെെമാറും. നിയമസഭ തെരഞ്ഞെടുപ്പിന് ബി.ജെ.പി.ക്ക് വേണ്ടി കർണാടകയിൽ നിന്ന് എത്തിച്ച മൂന്നര കോടി ഹവാല പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തെരഞ്ഞെടുപ്പ് അട്ടിമറി നടന്നിട്ടുണ്ടോയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനും, സാമ്പത്തിക വശങ്ങൾ ഇ.ഡി.യും, നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടാേയെന്ന് ഇൻകംടാക്സും വിശദമായി അന്വേഷിക്കണമെന്ന് ശുപാർശ ചെയ്യും.

ബി.ജെ.പി തെരഞ്ഞെടുപ്പിനെത്തിച്ച പണമാണ് കൊടകരയിൽ കവർന്നതെന്നും സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് പണമെത്തിയതെന്നും റിപ്പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പിന് ധർമരാജൻ മുഖേനയും കോഴിക്കോട്ടെ ഏജന്റുമാർ വഴിയും നാല്പത് കോടി രൂപ എത്തിച്ചുവെന്നും, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ മത്സരിച്ച കോന്നിയിൽ ധർമരാജൻ പണം വിതരണം ചെയ്‌തെന്നും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടി എത്തിച്ചുവെന്നതും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. ജൂൺ ഒന്നിനായിരുന്നു അന്വേഷണ സംഘം ആദ്യ റിപ്പോർട്ട് കേന്ദ്ര ഏജൻസികൾക്ക് നൽകിയിരുന്നത്.