India Kerala

കൊടകര കള്ളപ്പണ കേസില്‍ ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍

കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി തൃശൂർ ജില്ലാ പ്രസിഡന്‍റ് കെ കെ അനീഷ് കുമാറിനെ പൊലീസ് ചോദ്യംചെയ്തു. കൊടകരയിൽ പണം കവർച്ച ചെയ്ത വാഹനത്തിന്റെ ഉടമയും ആർഎസ്എസ് പ്രവർത്തകനുമായ ധർമരാജന് മുറി എടുത്ത് നല്‍കിയിരുന്നുവെന്ന് ചോദ്യംചെയ്യലിന് ശേഷം കെ കെ അനീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആ പണം ബിജെപിയുടേതല്ല. കുഴല്‍പ്പണ കവര്‍ച്ചയിലും ബിജെപിക്ക് പങ്കില്ല. കവർച്ചാ പ്രതികൾക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്നും അനീഷ് ആരോപിച്ചു.

തെരഞ്ഞെടുപ്പ് സാമഗ്രികളുമായാണ് ധർമരാജൻ എത്തിയത്. പണം ഉള്ളതായി അറിയില്ലായിരുന്നു. തെരഞ്ഞെടുപ്പ് സാമഗ്രികൾ പാർട്ടിക്ക് കൈമാറുകയും ചെയ്തു. പ്രതി ദീപക്കിനോട് കവർച്ചയെ കുറിച്ച് ചോദിച്ചിരുന്നു. ബിജെപിക്കെതിരെ ആരോപണം വന്നപ്പോൾ കണ്ണൂരിൽ പോയി സമാന്തര അന്വേഷണം നടത്തിയെന്നും അനീഷ് കുമാര്‍ പറഞ്ഞു.

കൊടകര കുഴൽപ്പണ കവർച്ചാ കേസിലെ പ്രതികൾ ബിജെപിയുടെ തൃശൂരിലെ ഓഫീസിലെത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതികളായ രഞ്ജിത്ത്, ദീപക് എന്നിവരാണ് തൃശൂർ ബിജെപി ഓഫീസിലെത്തിയത്. തെരഞ്ഞെടുപ്പിന് ശേഷമാണ് ഇവർ എത്തിയതെന്ന് അന്വേഷണ സംഘം കണ്ടെത്തി. ബിജെപി നേതാക്കൾ ഇവരെ വിളിച്ചു വരുത്തിയതാണോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ബിജെപി ഓഫീസിലെ സിസിടിവി ക്യാമറയും പരിശോധിക്കും. മുഖ്യപ്രതി രഞ്ജിത്തിന്റെ ഭാര്യയെ പൊലീസ് ചോദ്യംചെയ്യുകയാണ്. 17 ലക്ഷം രൂപ എവിടെ ഒളിപ്പിച്ചെന്നാണ് ചോദിച്ചറിയുന്നത്.