Kerala

കൊടകര കള്ളപ്പണ കവർച്ചാ കേസ്; 1.40 ലക്ഷം രൂപ കൂടി അന്വേഷണ സംഘം കണ്ടെത്തി

കൊടകര കള്ളപ്പണ കവർച്ചാ കേസുമായി ബന്ധപ്പെട്ട് കൂടുതൽ തുക കണ്ടെത്തിയാതായി അന്വേഷണ സംഘം അറിയിച്ചു. അന്വേഷണ സംഘം 1.40 ലക്ഷം രൂപ കൂടി കണ്ടെടുത്തു. മുഖ്യപ്രതികളിൽ ഒരാളായ രഞ്ജിത്തിന്റെ ഭാര്യ സുഹൃത്തിന് കൈമാറിയ പണമാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

സ്ഥലം വിറ്റ വകയിൽ ലഭിച്ച തുകയെന്ന പേരിലാണ് സുഹൃത്തിന് പണം കൈമാറിയത്. പ്രതിയുടെ ചാലക്കുടിയിലെ സുഹൃത്തിന്റെ വീട്ടിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മൂന്നരക്കോടി കവർന്ന കേസിൽ ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു.

കേസിൽ കുറ്റപത്രം സമർപ്പിച്ച ശേഷം 22 പ്രതികൾക്കും ജാമ്യം ലഭിച്ചിരുന്നു. പ്രതികളെ വീണ്ടും ഓരോ ദിവസവും പൊലീസ് ക്ലബിലേക്ക്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയാണ്. നഷ്ടപ്പെട്ട പണം കണ്ടത്തുകയാണ് അന്വേഷണ സംഘത്തിന് മുന്നിലെ വെല്ലുവിളി.

ഇതുവരെ ഒന്നരക്കോടി രൂപ കണ്ടെടുത്തു, മൂന്നരക്കോടി രൂപയാണ് കവർന്നത്. മുഖ്യ പ്രതിയായ രഞ്ജിത്, ഭാര്യ ദീപ്തി രണ്ടുപേരും കേസിൽ പ്രതികളാണ്. ചാലക്കുടിയിലുള്ള ദീപ്തിയുടെ സുഹൃത്ത് ഷിന്റോയുടെ പക്കൽ പണം സൂക്ഷിക്കുന്നതിനായി കൊടുത്തു. അന്വേഷണ സംഘം ദീപ്തിയുടെ മൊഴിയെടുത്തപ്പോൾ ഷിന്റോയുടെ പക്കൽ നിന്നും പണം കണ്ടെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പണം കണ്ടെത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.