കൊടകര കള്ളപ്പണ കവർച്ചാക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. ഇരിങ്ങാലക്കുട കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 625 പേജുള്ള കുറ്റപത്രമാണ് അന്വേഷണ സംഘം നൽകിയത്. കവർച്ചാക്കേസുമായി ബന്ധപ്പെട്ട കുറ്റപത്രമാണ് നിലവിൽ അന്വേഷണ സംഘം സമർപ്പിച്ചരിക്കുന്നത്.
കെ സുരേന്ദ്രൻ, മകൻ ഹരികൃഷ്ണൻ ഉൾപ്പെടെയുള്ള ആളുകൾ കേസിൽ സാക്ഷികളാണ്. 219 സാക്ഷികളാണ് കേസിൽ ആകമാനം ഉള്ളത്. കവർച്ചാകേസിൽ അറസ്റ്റിലായിട്ടുള്ള 22 പ്രതികൾ മാത്രമാണ് കുറ്റപത്രത്തിലും പ്രതികളായിട്ടുള്ളത്. മുൻപ് പണത്തിന്റെ ഉറവിടം കണ്ടെത്താനായി ചോദ്യം ചെയ്തിരുന്ന ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരെ സാക്ഷി പട്ടികയിലാണ് അന്വേഷണ സംഘം ഉൾപ്പെടുത്തിയിരിക്കുന്നത്.
കൊടകര കള്ളപ്പണ കവർച്ചാകേസിലെ മൂന്നര കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രത്തിൽ അന്വേഷണ സംഘം ചൂണ്ടികാണിക്കുന്നു. ഈ കള്ളപ്പണത്തിന്റെ ഉറവിടം അന്വേഷിക്കുന്നതിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശുപാർശ നൽകണമെന്നും കുറ്റപത്രത്തിനൊപ്പം അന്വേഷണ സംഘം ആവശ്യപ്പെടുന്നു. കവർച്ചാക്കേസിൽ അന്വേഷണം തുടരണമെന്ന ആവശ്യവും അന്വേഷണ സംഘം കുറ്റപത്രത്തിനൊപ്പം പറയുന്നുണ്ട്.
ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.