Kerala

കൊടകര കള്ളപ്പണ കവർച്ച; മൂന്നര കോടി രൂപ ബിജെപിയുടേതെന്ന് കുറ്റപത്രം

കൊടകര കള്ളപ്പണ കവർച്ചാകേസിലെ മൂന്നര കോടി രൂപ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടെന്ന് കുറ്റപത്രം. കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ സാക്ഷികളായേക്കും. അന്വേഷണ സംഘം നാളെ കുറ്റപത്രം സമർപ്പിക്കും.

കേസിൽ 22 പ്രതികളാണ് ഉള്ളത്. മൂന്നര കോടി രൂപ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് തന്നെയാണ് എന്നാണ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇരിങ്ങാലക്കുട കോടതിയിലാണ് നാളെ കുറ്റപത്രം സമർപ്പിക്കുക.

ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ട് വന്നവർ പരാതി നൽകിയത്.

ഈ മാസം 26 ന് പ്രതികളെ പിടികൂടിയിട്ട് തൊണ്ണൂറ് ദിവസം തികയുകയാണ്. അതിനാൽ, അതിന് മുമ്പ് തന്നെ അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കേണ്ടതായിട്ടുണ്ട്.

കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടിയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ഈ തുക എന്തിന് കൊണ്ടുവന്നു എന്നതിലടക്കം വ്യക്തതയ്ക്ക് വേണ്ടിയാണ് ബി.ജെ.പി. നേതാക്കളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്.