India Kerala

കൊച്ചിയില്‍ വെള്ളക്കെട്ടുണ്ടായത് നഗരസഭയുടെ വീഴ്ചകൊണ്ടല്ല, പാര്‍ട്ടി രാജിവെക്കാന്‍ പറഞ്ഞിട്ടില്ല; വിവാദങ്ങള്‍ക്കെതിരെ പ്രതികരണവുമായി സൗമിനി ജയിന്‍

കൊച്ചി: പാര്‍ട്ടി തന്നോട്ട് രാജി ആവശ്യപ്പെട്ടിട്ടില്ലെന്ന് കൊച്ചി മേയര്‍ സൗമിനി ജയിന്‍. താന്‍ രാജിസന്നദ്ധത അറിയിച്ചിട്ടില്ലെന്നും കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിന്‍ വ്യക്തമാക്കി.

കൊച്ചിയില്‍ വെള്ളകെട്ടുണ്ടായത് നഗരസഭയുടെ വീഴ്ച കൊണ്ടല്ലെന്ന് പറഞ്ഞ സൗമിനി ജയിന്‍ പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തുകയും ചെയ്തു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം കുറഞ്ഞതിന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാണ്. കൊച്ചി നഗരസഭ ഭരണം പരാജയപ്പെട്ടതാണ് ഭൂരിപക്ഷം കുറയാന്‍ കാരണമെന്നും മേയറെ മാറ്റണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടിരുന്നു. ഇതോടെ പാര്‍ട്ടി പറഞ്ഞാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് സൗമിനി ജയിന്‍ പ്രതികരിച്ചിരുന്നു.

എറണാകുളത്ത് യുഡിഎഫ് പതിനായിരത്തിന് മുകളില്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ടി ജി വിനോദിന് 3750 വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ നേടാനായുള്ളൂ. നഗരസഭ പരിധിയിലെ റോഡുകളുടെ ശോച്യാവസ്ഥ, രൂക്ഷമായ ഗതാഗതക്കുരുക്ക്, വോട്ടെടുപ്പ് ദിവസം പെയ്ത കനത്തമഴയിലുണ്ടായ വെള്ളക്കെട്ട് എന്നിവയെല്ലാം തിരിച്ചടിയായെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. നാല് വര്‍ഷം അവസരമുണ്ടായിട്ടും വെള്ളക്കെട്ട് ഉള്‍പ്പെട്ടെ കൊച്ചിയെ ബാധിക്കുന്ന പ്രധാന പ്രശ്‌നങ്ങളില്‍ കൃത്യമായൊരു നിലപാട് എടുക്കാന്‍ സൗമിനി ജെയ്‌നിന് സാധിച്ചില്ലെന്ന വിമര്‍ശനവും പാര്‍ട്ടിക്കുള്ളില്‍ ഉയരുന്നു. ഹൈബി ഈഡന്റെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പും, എ ഗ്രൂപ്പിലെ ഒരു വിഭാഗവുമാണ് മേയര്‍ക്കെതിരെ ഇപ്പോള്‍ രംഗത്തു വന്നിരിക്കുന്നത്. എ ഗ്രൂപ്പുകാരിയാണ് സൗമിനി ജയിന്‍.