India Kerala

മറൈൻ ഡ്രൈവിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിക്കും

മറൈൻ ഡ്രൈവിലെ അനധികൃത വ്യാപാര സ്ഥാപനങ്ങൾ ഉടൻ ഒഴിപ്പിക്കും. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മറൈന്‍ ഡ്രൈവ് നടപ്പാതയിലെ എല്ലാ അനധികൃത വ്യാപാരസ്ഥാപനങ്ങളും പൊളിച്ചുനീക്കാന്‍ ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഉടന്‍ നടപടിയെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷനോടാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

പൊലീസിന്‍റെ സഹായത്തോടെ എത്രയും വേഗം അനധികൃത വ്യാപാരസ്ഥാപനങ്ങള്‍ പൊളിച്ചുമാറ്റണമെന്നാണ് കോടതി ഉത്തരവ്. നടപ്പാതയിലെ ബെഞ്ചുകളുടെ അറ്റകുറ്റപ്പണി നടത്തണമെന്നും, പാതയോരത്ത് സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാർ ഇപ്പെടെ നിരവധി പേരാണ് മറൈൻ ഡ്രൈവിലെ നടപ്പാതയുടെ ഇരുവശത്തും കച്ചവടം നടത്തുന്നത്. തങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് നിലവിൽ കൊച്ചി കോർപറേഷന് കച്ചവടക്കാർ നിവേദനം നൽകിയിരുന്നു.

ഇതിൽ കോർപറേഷൻ ഇതു വരെ തീരുമാനം എടുത്തിട്ടില്ല. എന്നാൽ കോർപറേഷൻ അധികൃത കച്ചവട സ്ഥാപനങ്ങൾ ഒഴിപ്പിക്കാൻ വൈകുന്ന പക്ഷം ജി.സി.ഡി.എ ഇടപെട്ട് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുമെന്ന് ചെയർമാൻ വി. സലീം വ്യക്തമാക്കി. കൊച്ചിയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മറൈൻ ഡ്രൈവ് ഉടൻ നവീകരിക്കണമെന്നും പൊതുതാൽപര്യ ഹരജി പരിഗണിച്ച് കോടതി ഉത്തരവിട്ടിരുന്നു.