India Kerala

എറണാകുളം ജില്ലയില്‍ മഴയക്ക് ശമനം; വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക്

എറണാകുളം ജില്ലയില്‍ മഴയുടെ ശക്തി കുറഞ്ഞു. ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ് കലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കം ഉണ്ടായ പ്രദേശങ്ങളിൽ നിന്ന് വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ആളുകള്‍ വീടുകളിലേക്ക് തിരിച്ചെത്തി തുടങ്ങി.

മൂന്ന് ദിവസം കനത്ത മഴ ലഭിച്ച ജില്ലയില്‍ ഇന്നലെ പൊതുവേ തെളിഞ്ഞ കാലാവസ്ഥയാണ് ദൃശ്യമായത്. വെള്ളപൊക്കം ആനുഭവപ്പെട്ട താഴ്ന്ന പ്രദേശങ്ങളില്‍ പൂര്‍ണമായും പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചെത്തി. വെള്ളം കയറിയ വീടുകള്‍ പലതും ശുചിയാക്കി . ആര്‍ഭാടങ്ങളില്ലെങ്കിലും പലരും ഇന്ന് ബലിപെരുന്നാര്‍ ആഘോഷിക്കുന്നതിന് ഉള്ള ചെറിയ ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്. മഴ കുറഞ്ഞതോടെ അണക്കെട്ടുകളിലെയും പെരിയാറിലെയും ജലനിരപ്പ് വലിയ തോതില്‍ കുറഞ്ഞിട്ടുണ്ട്. എറണാംകുളം ജില്ലയില്‍ വെളളപ്പൊക്കം രൂക്ഷമായിരുന്ന ആലുവ, പറവൂര്‍, മൂവാറ്റുപുഴ താലൂക്കുകളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിയേമായിട്ടുണ്ട്. മലയോര മേഖലയിലും മഴക്ക് കുറവുണ്ട്.

എന്നാല്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യയുണ്ടെന്നുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ ജില്ലാഭരണകൂടും കൂടുതല്‍ ജാഗ്രതയിലാണ്. ഏതൊരു അടിയന്തര സാഹചര്യങ്ങളെയും നേരിടാനുള്ള ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ ജില്ലയുടെ രണ്ടു സ്ഥലങ്ങളില്‍ സൈന്യം ക്യാമ്പ് ചെയ്യുന്നുണ്ട്. പറവൂരും , ഉളിയന്നൂര്‍ എന്നിവടങ്ങളിലാണ് സൈന്യം സുസജ്ജമായിരിക്കുന്നത്. മഴ കുറഞ്ഞതോടെ ഇടമലയാര്‍ ഡാമിന്റെ എല്ലാ ഷട്ടറുകളും അടച്ചു. എന്നാല്‍ ഭൂതത്താൻകെട്ട് അണക്കെട്ടിലെ മുഴുവൻ ഡാമുകൾ തുറന്നു സ്ഥിതിയാണുള്ളത്. നിലവില്‍ ജില്ലയില്‍ 105 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 5076 കുടുംബങ്ങളില്‍ നിന്നായി 17233 ആളുകളാണ് ക്യാമ്പുകളിലുള്ളത്. ഇന്നും മഴ മാറി നിന്നാല്‍ കൂടുതല്‍ ആളുകള്‍ ക്യാമ്പുകള്‍ വിട്ട് വീടുകളിലേക്ക് മടങ്ങും.