India Kerala

പുതുവര്‍ഷ ദിനത്തില്‍ കുടിവെള്ളമില്ലാതെ കൊച്ചിക്കാര്‍

കൊച്ചിയില്‍ കുടിവെള്ള ടാങ്കര്‍ ഉടമകള്‍ സമരം തുടങ്ങി. വാട്ടര്‍ അതോറിറ്റിയുടെ ജലം മാത്രമേ കുടിവെള്ളമായി വിതരണം ചെയ്യാവൂ എന്ന തീരുമാനത്തിനെതിരെയാണ് സമരം. ആവശ്യത്തിന് ജലം വാട്ടര്‍ അതോറിറ്റി ലഭ്യമാക്കുന്നത് വരെ സമരം തുടരുമെന്ന് കുടിവെള്ള വിതരണ ഉടമകളുടെ സംഘടന വ്യക്തമാക്കി. എറണാകുളം ജില്ലയിലെ മുന്നൂറോളം കുടിവെള്ള ടാങ്കറുകളുടെ ഉടമകളാണ് സമരം തുടങ്ങിയിരിക്കുന്നത്.

ഇന്ന് മുതല്‍ ജില്ലയില്‍ വാട്ടര്‍ അതോറിറ്റി സ്റ്റേഷനുകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളമേ വിതരണം ചെയ്യാവൂ എന്ന് കലക്ടര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ വിതരണത്തിന് ആവശ്യമായ വെള്ളം ശേഖരിക്കാനുള്ള സൌകര്യം വാട്ടര്‍ അതോറിറ്റിക്ക് ഇല്ല എന്നാണ് ടാങ്കര്‍ ഉടമകളുടെ വാദം. കുടിവെള്ളം ശേഖരിക്കാനും പണം അടക്കാനും ആവശ്യമായ സൌകര്യം വാട്ടര്‍ അഥോറിറ്റി ഏര്‍പ്പെടുത്തും വരെ സര്‍വീസ് നിര്‍ത്തിവെക്കും.

എന്നാല്‍ ടാങ്കര്‍ ഉടമകളുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നാണ് കലക്ടര്‍ നല്‍കുന്ന വിശദീകരണം. അതിനിടെ കുടിവെള്ള ഉപഭോക്താക്കളുടെയും ഇന്ന് കലക്ട്രേറ്റില്‍ ചേര്‍ന്നു. പുതുവത്സരദിനം തന്നെ കുടിവെള്ളം മുടങ്ങിയത് ജനങ്ങളെ ദുരിതത്തിലാക്കി.