India Kerala

കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍

ബ്രഹ്മപുരം പ്ലാന്റില്‍ മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചിയിലെ മാലിന്യ നീക്കം പ്രതിസന്ധിയില്‍ . മാലിന്യ നീക്കം വൈകുമെന്ന് കൊച്ചി കോര്‍പറേഷന്‍ തന്നെ അറിയിച്ചിട്ടുണ്ട്. പ്ലാന്റില്‍ മാലിന്യം തള്ളാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് വടവുകോട് പഞ്ചായത്ത്.

ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിന്റെ സുരക്ഷാനടപടികൾ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് വിയോജിപ്പുമായി വളവുകോട് പഞ്ചായത്ത് രംഗത്ത് വന്നത്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യ പ്ലാന്റ് പ്രവര്‍ത്തനസജ്ജമാകാതെ ഇനിയും മാലിന്യം തള്ളാന്‍ അനുവദിക്കാനാവില്ലെന്നും പ്ലാന്റിലേക്കെത്തുന്ന ലോറികള്‍ തടയാനുമാണ് തീരുമാനിച്ചിരിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ വേലായുധന്‍ പറഞ്ഞു.

ദിവസങ്ങളായി മാലിന്യ സംസ്കരണം നിലച്ചതോടെ കൊച്ചി നഗരം കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യാനാവാത്തതിനാല്‍ അതത് സ്ഥലങ്ങളിലെ മാലിന്യങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനാണ് കോര്‍പ്പറേഷന്‍ നഗരവാസികള്‍ക്ക് നല്കിയിരിക്കുന്ന നിര്‍ദ്ദേശം. അതേസമയം ബ്രഹ്മപുരം പ്ലാന്റിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മേയർ സൗമിനി ജെയിൻ പറഞ്ഞു.

ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജനപ്രതിനിധികളും വിവിധ വകുപ്പുകളിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമാണ് പങ്കെടുത്തത്. എന്നാല്‍ ചില നിര്‍ദ്ദേശങ്ങളുയര്‍ന്നതല്ലാതെ കാര്യമായി നടപടികളോ തീരുമാനങ്ങളോ ഇല്ലാതെയാണ് യോഗം പിരിഞ്ഞത്. ബ്രഹ്മപുരം പ്ലാന്റ് സംബന്ധിച്ച് കൂടുതല്‍ വിവാദങ്ങളിലേക്ക് വഴി വയ്ക്കുമെന്നാണ് സൂചനകള്‍.