Kerala

സിപിഐഎം സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി; സമ്മേളനം വീണ്ടുമെത്തുന്നത് 36 വര്‍ഷത്തിനു ശേഷം

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സംസ്ഥാന സമ്മേളനത്തിനൊരുങ്ങി കൊച്ചി. 36 വാര്‍ഷത്തിനു ശേഷമാണ് കൊച്ചി വീണ്ടും സംസ്ഥാന സമ്മേളനത്തിന് വേദിയാകുന്നത്. മാര്‍ച്ച് ഒന്നു മുതല്‍ നാലു വരെ എറണാകുളം മറൈന്‍ ഡ്രൈവിലാണ് സമ്മേളനം.

1985ല്‍ എറണാകുളത്ത് ചേര്‍ന്ന സിപിഐഎം സംസ്ഥാന സമ്മേളനം കേരള രാഷ്ട്രീയത്തിന്റെ ഗതിയെ തന്നെ മാറ്റി മറിച്ചിരുന്നു. വീണ്ടുമെത്തുമ്പോള്‍ പഴയ നിലപാടുകളില്‍ പാര്‍ട്ടി ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. 85ല്‍ സ്വീകരിച്ച നിലപാടില്‍ പാര്‍ട്ടി അപ്പാടെ മലക്കം മറിഞ്ഞു. വര്‍ഗീയ കക്ഷികളുമായി സഖ്യം വിലക്കിയ കേന്ദ്ര കമ്മിറ്റി തീരുമാനത്തിനെതിരേ എം.വി.രാഘവനും സംഘവും ബദല്‍ രേഖ അവതരിപ്പിക്കുകയും പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ എം.വി.രാഘവന്‍ അന്ന് പുറത്താക്കപ്പെടുകയും ചെയ്തു.

പക്ഷേ ഒഴുകി പോയ കാലത്തിനൊപ്പം പാര്‍ട്ടി നിലപാടുകള്‍ മയപ്പെടുത്തി. ഐഎന്‍എല്ലുമായി ധാരണയും സഖ്യവുമായി. ഒടുവില്‍ മന്ത്രി സഭയിലുമെത്തി. ബദല്‍ രേഖയായിരുന്നു ശരിയെന്ന് സിപിഐഎം സമ്മതിക്കുന്ന ഈ ഘട്ടത്തില്‍ ഒരു പടികൂടി കടന്ന് ലീഗിനെ പോലും മറുകണ്ടം ചാടിക്കാനുള്ള ആലോചന പോലും അന്തരീക്ഷത്തിലുണ്ട്. പാര്‍ട്ടി അതീവ രഹസ്യമായ സൂക്ഷിക്കാറുള്ള രാഷ്ട്രീയ കരട് രേഖ ആദ്യമായി ചോര്‍ന്നതുപോലും 85ലായിരുന്നു. സംസ്ഥാന സമ്മേളനത്തിനെത്തുന്ന പ്രതിനിധികളേയും നേതാക്കളേയും സ്വീകരിക്കാന്‍ എറണാകുളം നഗരം ഒരുങ്ങിക്കഴിഞ്ഞു.