എറണാകുളം സൗത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പാരഗണ്‍ ചെരുപ്പ് കമ്പനി ഗോഡൗണില്‍ ഉണ്ടായ തീപിടുത്തത്തില്‍ കെട്ടിട ഉടമക്കെതിരെ കേസെടുത്തു. ഫയര്‍ ആന്റ് സേഫ്റ്റി സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും.
2006 ല്‍ അഗ്‌നിശമന സുരക്ഷ ലൈസന്‍സ് ലഭിച്ചുവെങ്കിലും പിന്നീട് ഇതുവരെ പുതുക്കിയില്ല. ഓരോ വര്‍ഷവും ലൈസന്‍സ് പുതുക്കണമെന്നാണ് മാനദണ്ഡം. ഇത് പാലിക്കാത്തതിനെ തുടര്‍ന്ന് കെട്ടിടത്തിന്റെ ഉടമസ്ഥാവകാശമുള്ള ഫാല്‍ക്കണ്‍ കമ്പനി ഉടമക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. റീജിയണല്‍ ഫയര്‍ ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കെട്ടിടത്തില്‍ പരിശോധന നടത്തി. അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ കളക്ടര്‍ക്ക് ഫയര്‍ഫോഴ്‌സിന്റെ പരിശോധന റിപ്പോര്‍ട്ട് ഇന്ന് കൈമാറും. കെട്ടിടനിര്‍മാണ ചട്ടങ്ങളുടെ ലംഘനമടക്കമുള്ള കാര്യങ്ങളും പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.
നഗരമധ്യത്തിലുണ്ടായ അപകടം അതീവ ഗൗരവത്തോടെയാണ് ജില്ലാഭരണകൂടം കാണുന്നത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ മാനദണ്ഡം പാലിക്കാതെ സൂക്ഷിച്ചിരുന്നുവെന്നും കൃതമായ ലൈസന്‍സ് ഇല്ലാതെ കെട്ടിടത്തില്‍ നിര്‍മാണ യൂണിറ്റ് പ്രവര്‍ത്തിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. നഗരത്തിലെ സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയെ സംബന്ധിച്ചും ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് കൈമാറിയേക്കും. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് നഗരത്തിലെ ചെരുപ്പ് ഗോഡൗണില്‍ വന്‍ തീപിടുത്തം ഉണ്ടായത്. അഗ്‌നിശമന സേനയുടെ 60 യൂണിറ്റുകള്‍ നാല് മണിക്കൂറോളം ശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.