Kerala Movies

മോഡലുകളുടെ മരണം : സിനിമാ മേഖലയിലെ പ്രമുഖർ പാർട്ടിയിൽവച്ച് മോഡലുകളുമായി തർക്കത്തിലേർപ്പെട്ടതായി സംശയം

കൊച്ചിയിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഹോട്ടലിലെ ദൃശ്യങ്ങളടങ്ങിയ ഡി.വി.ആർ. സൈബർ ഫൊറൻസിക് പരിശോധനയ്ക്കയക്കും. ഡി.വി.ആറിൽ എന്തെങ്കിലും തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു. സിനിമാമേഖലയിലെ ചില പ്രമുഖർ ഈ ഹോട്ടലിൽ അപകടദിവസം തങ്ങിയതായി വിവരമുണ്ട്. മിസ് കേരളയടക്കമുള്ള സംഘത്തോട് പാർട്ടിയിൽവെച്ച് ഇവർ തർക്കത്തിലേർപ്പെട്ടതായി പൊലീസ് സംശയിക്കുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാനാണ് ഹോട്ടലുടമയുടെ നിർദേശപ്രകാരം ഓഡി കാർ പിന്തുടർന്നതെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതിനിടെ സി.സി.ടി.വി. ദൃശ്യങ്ങളുള്ള ഡി.വി.ആർ. മാറ്റിയത് എക്‌സൈസിനെ ഭയന്നിട്ടാണെന്ന് ഹോട്ടലുടമ റോയി പൊലീസിന് മൊഴി നൽകി. എന്നാൽ ഹോട്ടലിന് പുറത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ മാറ്റിയത് എന്തിനെന്ന ചോദ്യത്തിന് കൃത്യമായ മറുപടിയില്ല. അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന ഓഡി കാറിലെ ഡ്രൈവർ സൈജു സുഹൃത്താണ്. അപകടം നടന്ന വിവരം ഇയാൾ ഫോണിൽ വിളിച്ചറിയിക്കുകയായിരുന്നെന്നും റോയി മൊഴി നൽകി. ( kochi model death cinema workers )

കൊച്ചിയിൽ മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഹോട്ടലിൽ മോശമായതെന്തോ സംഭവിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഡിജെ പാർട്ടിയിൽ പങ്കെടുത്തവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ലഭ്യമായ ദൃശ്യങ്ങൾ വച്ച് പാർട്ടിയിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞ് തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഡി.ജെ പാർട്ടിയിൽ ഏകദേശം 20 പേർ പങ്കെടുത്തതായാണ് വിവരം. ചിലരെ പറ്റിയുള്ള വിവരങ്ങൾ ഹോട്ടൽ അധികൃതർ മറച്ച് വയ്ക്കുന്നുണ്ടെന്നും പൊലീസ് പറയുന്നു. ഒക്ടോബർ 31, നവംബർ 1 തിയതികളിലെ ബിൽ ബുക്ക് പരിശോധിക്കൊനൊരുങ്ങുകയാണ് പൊലീസ്.
ഹോട്ടലിലെ ദൃശ്യങ്ങൾ നശിപ്പിക്കാൻ റോയ് ടെക്‌നീഷ്യന്റെ സഹായം തേടിയതായി പൊലീസിന് വിവരം ലഭിച്ചു. വാട്‌സപ്പ് കോളിൽ ടെക്‌നീഷ്യനെ വിളിച്ചതിന്റെ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിൽ തർക്കമുണ്ടായപ്പോൾ റോയിയും സ്ഥലത്തുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ഡിജെ പാർട്ടി നടന്ന ഹാളിലും പാർക്കിങ് ഏരിയയിലും വച്ച് വാക്കുതർക്കം ഉണ്ടായിട്ടുണ്ടാകുമെന്ന് സംശയിക്കുന്നതായി പൊലീസ് ഇന്നലെ പറഞ്ഞിരുന്നു. മോഡലുകളായ അൻസി കബീറും, അഞ്ജന ഷാജനും സുഹൃത്തുക്കളും ഹോട്ടൽ വിട്ടത് ഇതിനാലാകാമെന്നാണ് പൊലീസ് നിഗമനം. ഫോർട്ട് കൊച്ചിയിൽ നിന്ന് അപകടം നടന്ന സ്ഥലം വരെ രണ്ട് കാറുകൾ ഇവരെ പിന്തുടർന്നതായി പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

അതേസമയം, ഹോട്ടലിന്റെ ബാർ ലൈസൻസ് എക്‌സൈസ് റദ്ദാക്കി. നടപടി നിശ്ചിത സമയം കഴിഞ്ഞും മദ്യം വിളമ്പിയതിനാലാണെന്നാണ് എക്‌സൈസ് നൽകുന്ന വിശദീകരണം.

നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു. ഒരു ബൈക്കിൽ ഇടിക്കാതിരിക്കാൻ കാർ വെട്ടിത്തിരിക്കെയായിരുന്നു അപകടമെന്നാണ് അന്നത്തെ റിപ്പോർട്ട്.