കൊച്ചി മെട്രോയുടെ പുതിയ പാത മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മഹാരാജാസ് മുതല്‍ തൈക്കുടം വരെയാണ് പുതിയ പാത. നാളെ മുതല്‍ സര്‍വീസ് ആരംഭിക്കും.
മഹാരാജാസ് മുതല്‍ തൈക്കൂടം വരെ അഞ്ചര കിലോമീറ്ററാണ് പുതിയ പാതയുടെ ദൈര്‍ഘ്യം. അഞ്ചു സ്റ്റേഷനുകളും. രാവിലെ 11ന് മഹാരാജാസ് സ്റ്റേഷനില്‍ എത്തിയ മുഖ്യമന്ത്രി ഔദ്യോഗിക ചടങ്ങുകള്‍ക്ക് നാട മുറിച്ച് തുടക്കമിട്ടു. പിന്നീട് മെട്രോയില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ഉദ്ഘാടന വേദിയിലെത്തി. മെട്രോ കൊച്ചിയിലെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയെന്നും പുതിയ യാത്രാ സംസ്‌കാരം പ്രധാനം ചെയ്യാന്‍ സാധിച്ചെന്നും മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ചടങ്ങില്‍ കേന്ദ്ര ഭവന നഗര വികസന സഹമന്ത്രി ഹര്‍ദീപ് സിങ് പുരി അധ്യക്ഷത വഹിച്ചു. നാളെ മുതലാണ് പൊതുജനങ്ങള്‍ക്കായി സര്‍വ്വീസ് ആരംഭിക്കുക . സെപ്തംബര്‍ 18 വരെ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും 25 ആം തീയതി വരെ സൗജന്യ പാര്‍ക്കിങും കെ. എം.ആര്‍.എല്‍ പെതു ജനങ്ങള്‍ക്ക് അനുവദിച്ചിട്ടുണ്ട്. മെട്രോ പാതയുടെ ദൂരം വര്‍ധിച്ചതോടെ യാന്ത്രക്കാരുടെ എണ്ണത്തിലും ആനുപാധിക വര്‍ധനവുണ്ടാവുമെന്നാണ് കെ. എം.ആര്‍.എല്‍ പ്രതീക്ഷിക്കുന്നത്.