India Kerala

കൊച്ചി മെട്രോ; മഹാരാജാസ്-തൈക്കൂടം പാതയുടെ ഉദ്ഘാടനം ഇന്ന്

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മഹാരാജാസ് മുതൽ തൈക്കുടം വരെയാണ് കൊച്ചി മെട്രോയുടെ പുതിയ പാത. ഉദ്ഘാടനം പ്രമാണിച്ച് യാത്രക്കാർക്ക് ടിക്കറ്റില്‍ ഇളവും സൗജന്യ പാർക്കിങ്ങും പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എം.ആർ.എൽ.

മഹാരാജാസ് കോളേജ് മുതൽ തൈക്കൂടം വരെയാണ് കൊച്ചി മെട്രോയുടെ പുതിയ പാത. അഞ്ചര കിലോമീറ്റർ പാതയിൽ പരിശോധന നടത്തിയ ശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മീഷണർ പുതിയ പാതക്ക് അന്തിമാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച മുതൽ പുതിയ പാതയിൽ സർവീസ് ആരംഭിക്കാൻ കെ.എം.ആർ.എൽ തീരുമാനിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്.

കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് മുഖ്യമന്ത്രി പുതിയ പാതയുടെ ഉദ്ഘാടനം നിർവ്വഹിക്കും. ചടങ്ങിൽ കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി മുഖ്യാതിഥിയാകും. വാട്ടർ മെട്രോ ടെർമിനലിന്റെയും പേട്ട എസ്.എൻ ജംഗ്ഷൻ മെട്രോ പാതയുടെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉച്ചക്ക് ശേഷം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ സാന്നിധ്യത്തിൽ നഴ്സുമാർക്കായി പ്രത്യേക സർവീസും ഒരുക്കുന്നുണ്ട്. പുതിയ 5 മെട്രോ സ്റ്റേഷനുകളിലും അവസാന വട്ട മിനുക്കുപണികൾ പുരോഗമിക്കുകയാണ്.