സൌമിനി ജെയിനെ കൊച്ചി മേയര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ നീക്കം. മേയറെ മാറ്റുന്നത് സംബന്ധിച്ച് എ,ഐ ഗ്രൂപ്പുകള്‍ ധാരണയിലെത്തിയതായാണ് സൂചന. ഉപതെരഞ്ഞെടുപ്പിലെ ഭൂരിപക്ഷം കുറഞ്ഞതും കോര്‍പ്പറേഷനെതിരായ ഹൈക്കോടതി വിമര്‍ശനവുമാണ് നീക്കത്തിന് പിന്നില്‍.
പാര്‍ട്ടി പറഞ്ഞാല്‍ മാറി നില്ക്കാന് തയ്യാറാണെന്ന് സൌമിനി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാജി വയ്ക്കേണ്ട സാഹചര്യം നിലവിലില്ല.. കായലിലെ ജലനിരപ്പ് വര്‍ധിച്ചതാണ് നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്നും മേയര്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഹൈക്കോടതിക്ക് പിന്നാലെ മേയര്‍ക്കെതിരെ രൂക്ഷവിമര്‍ശവുമായി എറണാകുളം എം.പി ഹൈബി ഈഡന് രംഗത്തെത്തിയിരുന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന കാര്യങ്ങളില്‍ നഗരസഭ കാര്യക്ഷമമായി ഇടപെടാത്തതാണ് വോട്ട് കുറയാന്‍ കാരണം. പാര്‍ട്ടിയുമായി കൂടിയാലോചന നടത്തുന്നതില്‍ നഗരസഭ പരാജയമാണ്. കൊച്ചി കോര്‍പ്പറേഷനെതിരായ വികാരം പാര്‍ട്ടി കണക്കിലെടുക്കണമെന്നും ഹൈബി ആവശ്യപ്പെട്ടു.