കൊച്ചി മേയർക്കെതിരെ ഇടതുപക്ഷം നൽകിയ അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് ഇന്ന്. നടപടിയിൽ നിന്ന് വിട്ടുനിന്ന് വോട്ടെടുപ്പ് മാറ്റിവെയ്പിക്കാനാണ് യു.ഡി.എഫിന്റെ ശ്രമം.
മേയർ സൗമിനി ജെയിന്റെ കഴിഞ്ഞ നാല് വർഷത്തെ ഭരണം സമ്പൂർണ പരാജയമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മേയർക്കെതിരെ കോൺഗ്രസിൽ തന്നെ ശക്തമായ എതിർവികാരം ഉണ്ടെന്നും ഇത് ഉപകരിക്കുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രതീക്ഷ. എന്നാല്‍ അവിശ്വാസപ്രമേയം പാടേ ബഹിഷ്കരിച്ച് തോല്‍പ്പിക്കാനാണ് യു.ഡി.എഫ് നീക്കം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കരുതെന്ന് അംഗങ്ങള്‍ക്ക് നിര്‍ദേശവും നല്‍കി. 74 അംഗ കൗണ്‍സിലില്‍ യു.ഡി.എഫിന് 38ഉം എല്‍.ഡി.എഫിന് 34ഉം ബിജെപിക്ക് രണ്ടും അംഗങ്ങളാണുള്ളത്.
കൗണ്‍സിലില്‍ പകുതിയില്‍ കൂടുതല്‍ അംഗങ്ങള്‍ ഉണ്ടെങ്കിലേ അവിശ്വാസപ്രമേയ ചര്‍ച്ചയ്ക്കുള്ള കോറം തികയുകയുള്ളൂ. അവിശ്വാസപ്രമേയത്തിന്‍ മേല്‍ പ്രതിപക്ഷത്തിന് ചര്‍ച്ചയ്ക്കുള്ള അവസരം പോലും നല്‍കാതെ യോഗം ബഹിഷ്കരിച്ചു കൊണ്ട് അവിശ്വാസ പ്രമേയ നടപടികൾ ആറ് മാസം വരെ വൈകിപ്പിക്കാൻ സാധിക്കും എന്നാണ് യു.ഡി.എഫ് പ്രതീക്ഷ. ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ ഉച്ചയ്ക്ക് രണ്ടരയോടെ അവിശ്വാസപ്രമേയ നടപടികൾ ആരംഭിക്കും.