Kerala

കൊച്ചി കൂട്ട ബലാത്സംഗം; പ്രതികളുടെ തെളിവെടുപ്പ് ഇന്ന്

കാെച്ചിയിലെ കൂട്ടബലാത്സംഗക്കേസിൽ പ്രതികളുടെ തെളിവെടുപ്പ് ഇന്ന്. രാവിലെ പതിനൊന്നുമണിയോടെയായിരിക്കും പ്രതികളെ തെളിവെടുപ്പിനെത്തിക്കുന്നത്. ആക്രമിക്കപ്പെട്ട യുവതിയുടെ സുഹൃത്ത് ഡിമ്പിൾ ഡോളി ,കൊടുങ്ങല്ലൂര്‍ സ്വദേശികളായ നിധിൻ , സുധീപ് , വിവേക് എന്നീ പ്രതികളെ ബലാത്സംഗം ചെയ്യപ്പെട്ട മോഡലും പ്രതികളും എത്തിയ ബാർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അഞ്ച് ദിവസത്തേക്കാണ് നാല് പ്രതികളെയും കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.

സംഭവ ദിവസം വാഹനത്തിൽ നടന്നത് ക്രൂരമായ കൂട്ട ബലാത്സംഗമാണെന്ന് അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നു. വാഹനത്തിൽ ഹോട്ടലിന് പുറത്ത് പാർക്കിംഗ് ഏരിയയിൽ വെച്ചും പൊതുനിരത്തിൽ വെച്ചും യുവതി പീഡിപ്പിക്കപ്പെട്ടു. എല്ലാത്തിനും പ്രതി ഡിമ്പിളാണ് ഒത്താശ ചെയ്തതെന്നും പൊലീസ് പറയുന്നു.

അതേസമയം ഡിമ്പിളിന് വേണ്ടി കോടതിയിൽ രണ്ട് പേർ ഹാജരായി . പ്രമുഖ ക്രിമിനൽ അഭിഭാഷകൻ അഡ്വ ആളൂരും അഡ്വ അഫ്സലുമാണ് കോടതിയിൽ ഡിമ്പിളിന് വേണ്ടി ഹാജരായത്. കോടതിയിൽ നിന്ന് ഇറങ്ങിപ്പോകാൻ അഡ്വ അഫ്സലിനോട് അഡ്വ ആളൂർ ആവശ്യപ്പെട്ടു. ബഹളം വെക്കാൻ ഇത് ചന്തയല്ലെന്ന് കേസ് പരിഗണിച്ച കോടതി പറഞ്ഞു. അതിനിടെ താൻ കേസ് ഏൽപ്പിച്ചത് അഡ്വ അഫ്സലിനെയാണെന്ന് പ്രതിയായ ഡിമ്പിൾ വ്യക്തമാക്കി. ഇതോടെയാണ് അഭിഭാഷകർ തമ്മിലെ പ്രശ്‌നം അവസാനിച്ചത്.