India Kerala

മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെളളക്കെട്ടിന് അറുതിയായില്ല

മെട്രോ നഗരമായി വളരുമ്പോഴും കൊച്ചിയിലെ വെളളക്കെട്ടിന് ഇപ്പോഴും പരിഹാരമായില്ല. മാലിന്യസംസ്കരണം വെല്ലുവിളിയായിത്തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു. ഇതോടെ പകര്‍ച്ചവ്യാധി ഭീഷണിയും വര്‍ധിച്ചു. ഗതാഗതക്കുരുക്ക് പതിവായ കൊച്ചിയില്‍ മഴക്കാലമായതോടെ അപകടങ്ങളും പതിവാകുന്നു. കൊച്ചി നഗരത്തെ വെളളക്കെട്ടിലാക്കാന്‍ തോരാതെ പെയ്യുന്ന പേമാരി വേണ്ട. ചെറിയ മഴ പെയ്താല്‍ പോലും അര മണിക്കൂര്‍ കൊണ്ട് കൊച്ചി നഗരം വെളളക്കെട്ടുകളാല്‍ നിറയും.

വെളളം ഒഴുകിപ്പോകേണ്ട ഓടകളും കാനകളും മാലിന്യങ്ങള്‍ കൊണ്ട് കുമിഞ്ഞ് കൂടിയിരിക്കുകയാണ്. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ ഇതുവരെ സുരക്ഷിതമായ മാലിന്യ സംസ്കരണ പ്ലാന്റ് യാഥാര്‍ഥ്യമായിട്ടില്ല. അശാസ്ത്രീയമായ റോഡ് നിര്‍മാണവും പാലം നിര്‍മാണവും കാരണം മണിക്കൂറുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് കൊച്ചിയിലെ പലഭാഗത്തും. മഴക്കാലം കൂടി വന്നത്തിയതോടെ റോഡപകടങ്ങളും വര്‍ധിച്ചു. എറണാകുളം ജില്ലയുടെ പടിഞ്ഞാറന്‍ മേഖല കടല്‍ത്തീരങ്ങളും കായലോരങ്ങളും നിറഞ്ഞതാണ്. നഗരത്തോട് ചേര്‍ന്നു കിടക്കുമ്പോഴും അടിസ്ഥാന സൌകര്യവികസനം ഇപ്പോഴും പ്രതിസന്ധിയിലാകുന്നിടം. മഴക്കാലത്തും കുടിവെളളപ്രശ്നം ഇവിടങ്ങളില്‍ രൂക്ഷമാണ്. ഇതിനിടയിലേക്കെത്തുന്ന മഴ ദുരിതങ്ങളിലേക്കാണ് പെയ്തിറങ്ങുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ ഒരുഭാഗത്ത് തകൃതിയായി നടക്കുമ്പോള്‍ തന്നെ അരികുജീവിതം നയിക്കുന്നവരുടെ വീടങ്ങളിലേക്കാണ് വെളളക്കെട്ട് ഉണ്ടാകുന്നത്. കൊതുകിന്റെ വിഹാരകേന്ദ്രമായി ഇത് മാറുന്നതോടെ പകര്‍ച്ചവ്യാധിയും കൂട്ടിനെത്തുന്നു.