Kerala

കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവം; അവ്യക്തത തുടരുന്നു

കൊച്ചിയിൽ മത്സ്യതൊഴിലാളിക്ക് വെടിയേറ്റ സംഭവത്തിൽ
ആറ് ദിവസം പിന്നിട്ടിട്ടും അവ്യക്തത തുടരുന്നു. നാവികസേനയിൽ നിന്ന് നിർണായക വിവരങ്ങൾ അന്വേഷണസംഘം തേടിയിട്ടുണ്ട്. അപകടം നടന്ന ദിവസം പരിശീലനം നടത്തിയ തോക്കുകളുടെ ഉൾപ്പെടെയുള്ള വിവരങ്ങളാണ് അന്വേഷണസംഘം തേടിയത്. എന്നാൽ പ്രോട്ടോകോൾ പ്രകാരം ഈ വിവരങ്ങൾ നൽകാൻ കഴിയില്ലെന്നാണ് നാവികസേനയുടെ വിശദീകരണം.

കടലിൽ മത്സ്യത്തൊഴിലാളി സെബാസ്റ്റ്യന് വെടിയേറ്റ് ആറ് ദിവസത്തിനിപ്പുറവും വെടിയുതിർത്തത് ആര് എന്ന കാര്യത്തിൽ അവ്യക്തത തുടരുന്നു. സംഭവ ദിവസം ഐ.എൻ.എസ് ദ്രോണാചാര്യയിൽ ഫയറിങ് പ്രാക്ടീസ് നടന്നിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് പോലീസ് അന്വേഷണം നീങ്ങുന്നത്. എന്നാൽ പരിശീലനം സംബന്ധിച്ച വിവരങ്ങൾ പൊലീസ് ആവശ്യപ്പെട്ടെങ്കിലും നാവിക സേന ഇതുവരെ വിവരങ്ങൾ കൈമാറിയിട്ടില്ല.

ഉദ്യോഗസ്ഥരുടെ അനുവാദവും പ്രോട്ടോക്കോളും പാലിക്കണം എന്നാണ് നാവികസേനയുടെ വിശദീകരണം. വെടിയുണ്ട തങ്ങളുടെത് അല്ലെന്ന നിലപാടിലാണ് നാവികസേന. എന്നാൽ വെടിയുണ്ട നാവികസേനയുടെ തന്നെ അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തിൽ ബാലിസ്റ്റിക്ക് പരിശോധന റിപ്പോർട്ട് ഉൾപെടെ ലഭിച്ചാൽ മാത്രമേ പൊലിസിനും അന്വേഷണം ഇനി മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയു.